യാഹൂ ഗ്രൂപ്പ്സ് ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്നത്തെ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യാഹൂവിന്റെ വിവിധ സേവനങ്ങള്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ ഒന്നാണ് യാഹൂ ഗ്രൂപ്പ്. 2001 ജനുവരിയില്‍ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബര്‍ 15ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

മറ്റ് വാണിജ്യമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹൂ ഗ്രൂപ്പ് കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുമായി പൊാരുത്തപ്പെടുന്നില്ലെന്ന് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പ്സിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. മാത്രവുമല്ല, യാഹൂ ഗ്രൂപ്പില്‍നിന്ന് ഇ മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. യാഹൂ ഗ്രൂപ്പ്സ് വെബ്സൈറ്റ് തന്നെ നീക്കം ചെയ്യപ്പെടും. എന്നാല്‍ യാഹു ഗ്രൂപ്പ് വഴി അയച്ച ഇ മെയിലുകള്‍ നീക്കം ചെയ്യപ്പെടില്ലെന്നും അവ ഉപയോക്താക്കളുടെ ഇ മെയിലില്‍ തന്നെ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.

ഗ്രൂപ്പ് ഉപയോക്താക്കളോട് ഫെയ്സ്ബുക്ക് ഗ്രൂപ്പ്സ്, ഗൂഗിള്‍ ഗ്രൂപ്പ്സ്, ഗ്രൂപ്പ്സ്.ഐഓ പോലുള്ള സേവനങ്ങളിലേക്ക് മാറാനും കമ്പനി നിര്‍ദേശിക്കുന്നു. യാഹു ഗ്രൂപ്പുകളെ പണം നല്‍കി ഈ ഗ്രൂപ്പുകളിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് അംഗങ്ങളുടെയെല്ലാം ഇ മെയില്‍ ഐഡികള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും.

 

Exit mobile version