നോയിസ് കളർഫിറ്റ് സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു.

നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ് (Noise ColorFit Ultra 2 Buzz) സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. അമോലെഡ് ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കോളിങ് സഹിതം രാജ്യത്ത് പുറത്തിറക്കിയ ആദ്യത്തെ സ്മാർട് വാച്ചാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കോളുകൾക്ക് മറുപടി നൽകാൻ ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് സ്മാർട് വാച്ചിൽ നിന്ന് നേരിട്ട് ഇൻകമിങ് കോളുകൾ നിരസിക്കുകയോ സൈലാന്റാക്കുകയോ ചെയ്യാം.

നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ് ഇന്ത്യയിൽ 3,499 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോൺ, ഗോനോയിസ്‍.കോം വഴി പുതിയ സ്മാർട് വാച്ച് വാങ്ങാം. ഷാംപെയ്ൻ ഗ്രേ, ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, വിന്റേജ് ബ്രൗൺ നിറങ്ങളിലാണ് ഇത് വരുന്നത്. വാച്ചിന് 368×448 പിക്സൽ റെസലൂഷനും 500 നിറ്റ് ബ്രൈറ്റ്നസുമുള്ള 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. സ്‌ക്രീനിലോ പവർ ബട്ടണിലോ ടച്ച് ചെയ്യാതെ തന്നെ സമയം, തീയതി എന്നിവ പരിശോധിക്കാം. നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ് ബ്ലൂടൂത്ത് വി5.3 സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുണ്ട്.

ഇൻബിൽറ്റ് സ്പീക്കറും മൈക്രോഫോണും ഇതിലുണ്ട്. നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ് ഉപയോക്താക്കളെ ഡയൽ പാഡ് ഉപയോഗിച്ച് കോളുകൾ ചെയ്യാനോ സമീപകാല കോൾ ലോഗുകൾ ആക്‌സസ് ചെയ്യാനോ അനുവദിക്കുന്നു. ഏഴ് ദിവസം വരെ ബാക്കപ്പ് (എഒഡി ഇല്ലാതെ) നൽകാനാകുന്ന 290 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് വാച്ചിൽ പായ്ക്ക് ചെയ്യുന്നത്. പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും.

നോയിസ് കളർഫിറ്റ് അൾട്രാ 2 ബസിൽ ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറും ഒരു എസ്പിഒ2 ബ്ലഡ് ഓക്സിജൻ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. നോയിസ് ഹെൽത്ത് സ്യൂട്ടിനൊപ്പമാണ് ഇത് വരുന്നത്. ഓട്ടോ സ്‌പോർട്‌സ് ഡിറ്റക്ഷൻ ഫീച്ചറുള്ള 100 സ്‌പോർട്‌സ് മോഡുകളും സ്മാർട് വാച്ചിൽ ഉൾപ്പെടുന്നു. ഐപി68-റേറ്റുചെയ്ത ജല പ്രതിരോധ സംവിധാനവും ഇതിലുണ്ട്.

ക്വിക്ക് റിപ്ലൈ, കോൾ, മെസേജ് അറിയിപ്പുകൾ, അലാറങ്ങൾ, നോട്ടിഫിക്കേഷൻ, റിമോട്ട് ക്യാമറ/മ്യൂസിക് കൺട്രോൾ, ഫൈൻഡ് മൈ ഫോൺ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, സ്‌മാർട് ഡോ-നോട്ട്-ഡിസ്‌ടർബ് എന്നിങ്ങനെയുള്ള കൂടുതൽ ഫീച്ചറുകളും ഉണ്ട്. ഉപയോക്താക്കൾക്ക് ഇഷ്ടാനുസൃതമാക്കാവുന്ന 100 ലധികം വാച്ച് ഫെയ്‌സുകളിൽ നിന്ന് തിരഞ്ഞെടുക്കാനും കഴിയും.

Exit mobile version