ബിസിസിഐ ഇടപെട്ടു: സ്വിമ്മിങ് പൂള്‍ ഒഴികെ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ടീമിന് അനുമതി

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബേനിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മോശം സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രദ്ധയില്‍ പെടുത്തിയ ബിസിസിഐ, സ്വിമ്മിങ് പൂള്‍ ഒഴികെ ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി. ഇതോടൊപ്പം ഹൗസ് കീപ്പിംഗും റൂം സര്‍വീസും ഉണ്ടാവുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചതായും ബിസിസിഐ പറഞ്ഞു.

”താരങ്ങള്‍ക്ക് ഹോട്ടലിലെ എല്ലാ ലിഫ്റ്റുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ജിമ്മും ഉപയോഗിക്കാം. റൂം സര്‍വീസും ഹൗസ് കീപ്പിംഗും ഉണ്ടാവും. കൂടിക്കാഴ്ചക്കും മറ്റുമായി ഒരു ടീം റൂമും അനുവദിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്തത്.” ബിസിസിഐ പ്രതിനിധി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കളി നടക്കുന്ന ഗാബയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള സോഫിറ്റെല്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ കഴിയുന്നത്. എന്നാല്‍, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ വളരെ മോശമാണെന്നാണ് ടീം അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ താരങ്ങള്‍ക്ക് അനുവാദമില്ല. കിടക്ക സ്വയം ഒരുക്കണം. കക്കൂസ് സ്വയം വൃത്തിയാക്കണം. തൊട്ടടുത്തുള്ള ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ന്നിന്ന് ഭക്ഷണം എത്തിക്കും. പക്ഷേ, ഫ്‌ളോര്‍ വിട്ട് പുറത്തുപോവാന്‍ പാടില്ല. ഹോട്ടലില്‍ അതിഥികളൊന്നും ഇല്ല. എന്നാല്‍ സ്വിമ്മിങ് പൂളും ജിമ്മും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനാവില്ല എന്നിങ്ങനെ നിരവധി പരാതികളാണ് ഇന്ത്യന്‍ ടീം അറിയിച്ചത്.

 

Exit mobile version