ജയിക്കുന്നവര്‍ പ്ലേ ഓഫില്‍; ഐപിഎല്ലില്‍ ഡല്‍ഹിയും ബാംഗ്ലൂരും ഇന്നിറങ്ങും

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിര്‍ണായക പോരാട്ടം. നെറ്റ് റണ്‍റേറ്റില്‍ ഇരുടീമുകളും പിന്നിലെങ്കിലും ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാം. അബുദാബിയില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ജയിക്കുന്ന ടീമിന് ക്വാളിഫയറില്‍ മുംബൈയെ നേരിടാന്‍ അവസരം. തോല്‍ക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ നാളത്തെ മത്സരം തീരും വരെ കാത്തിരിക്കണം.

നേരത്തെ ദുബായിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹി 59 റണ്‍സിന് ജയിച്ചിരുന്നു. അതേസമയം വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പൊടുന്നനേ നിറംമങ്ങിയതാണ് കാപ്പിറ്റല്‍സിന്റെ പ്രശ്‌നം. കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞു. റബാഡയും നോര്‍ജെയും ആദ്യ പകുതിയിലെ മികവിലേക്കുയരാത്തതും തിരിച്ചടിയാണ്.

വിരാട് കോലി- എബി ഡിവില്ലിയേഴ്‌സ് സഖ്യത്തെ അമിതമായി ആശ്രയിക്കുന്നതാണ് ബാംഗ്ലൂരിനെ പിന്നോട്ടടിക്കുന്നത്. ഡിവില്ലിയേഴ്‌സ് ഒഴികെയുള്ളരുടെ സ്ട്രൈക്ക് റേറ്റ് അത്ര മെച്ചവുമല്ല.

Exit mobile version