ലോകകപ്പിനില്ല’; ബഹിഷ്‌കരണ ഭീഷണിയുമായി ഇറാന്‍ കായിക മന്ത്രി

ടെഹ്‌റാന്‍: അമേരിക്കയില്‍ വച്ച് നടക്കുന്ന 2026 ഫിഫ ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഇറാന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കുകയും രാജ്യത്ത് ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് കായിക മന്ത്രി അഹ്മദ് ദൊനിയാമാലി പ്രതികരിച്ചു. മാര്‍ച്ച് പത്തിന് പങ്കുവച്ച വിഡിയോയിലാണ് കായിക മന്ത്രിയുടെ ബഹിഷ്‌കരണ ഭീഷണി.

ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്ട്രേലിയ അഭയം നൽകും
2026 ഫിഫ ലോകകപ്പിന് അമേരിക്ക- മെക്‌സിക്കോ- കാനഡ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇറാന്റെ എല്ലാ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും അമേരിക്കയിലാണ് നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇറാന്‍ ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ ടീം അമേരിക്കയില്‍ സുരക്ഷാ ഭീഷണി നേരിട്ടേയ്ക്കുമെന്നും കായിക മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജും നേരത്തെ ഇറാന്റെ ലോക കപ്പ് സാന്നിജ്ത്തില്‍ ആശങ്ക പങ്കുവച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് ഒരു പ്രതീക്ഷയും വെക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാന്റെ പിന്‍മാറ്റം ലോകകപ്പ് മത്സര ഷെഡ്യൂളുകളെ ബാധിച്ചേയ്ക്കും. എഷ്യയില്‍ നിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമാണ് ഇറാന്‍. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ജിയില്‍ ആണ് ഇറാന്റെ സ്ഥാനം. ഇറാന്‍ പിന്‍മാറിയാല്‍ ഫിഫയുടെ യോഗ്യതാ നിയമങ്ങള്‍ പ്രകാരം മേഖലയിലെ ഏറ്റവും മികച്ച റാങ്കുള്ള ടീം അവരുടെ സ്ഥാനത്ത് വരും. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ഇറാഖിന് ലോകകപ്പിലേക്കുള്ള വാതില്‍ തുറന്നേക്കാം. ഇറാന്റെ ബഹിഷ്‌കരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാല്‍ സമീപകാല ചരിത്രത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ബാധിച്ചേക്കാവുന്ന ലോകപ്പായിരിക്കും അമേരിക്കയില്‍ നടക്കാനിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ നേരത്തെ പ്രതികരിച്ചിരുന്നു.

Exit mobile version