കൊളംബോ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ സർക്കാർ പിന്മാറി. ഐസിസിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ കളിക്കാൻ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അവർ പിന്മാറിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബംഗ്ലാദേശിന് ഐസിസി ഏർപ്പെടുത്തിയ വിലക്കിനെതിരെയും നടപടികൾക്കെതിരെയും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു.
