ബിസിസിഐ തെരഞ്ഞെടുപ്പ്, നാളെ അമിത് ഷായുടെ വസതിയില്‍ നിർണായക യോഗം, ഗാംഗുലിയെ വീണ്ടും പരിഗണിച്ചേക്കും

മുംബൈ: ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് നാളെ വ്യക്തമായേക്കും. പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും. ബിസിസിഐയിലെ ഉന്നത മേധാവികളും ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരെ വിവിധ ചുമതലകളിൽ നിയോഗിക്കാനാണ് നീക്കം.

മൂന്ന് വർഷം മുൻപ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത് അമിത് ഷായുടെ വസതിയിൽ ഇതുപോലെ നടന്ന യോഗ തീരുമാനത്തിലായിരുന്നു. അന്ന് പ്രസിഡന്‍റ് സ്ഥാനത്ത് മൂന്ന് വര്‍ഷം കൂടി തുടരാമായിരുന്നെങ്കിലും മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ ഉയര്‍ത്തിയ രൂക്ഷവിമര്‍ശനമാണ് ഗാംഗുലിക്ക് സ്ഥാനം നഷ്ടമാക്കിയതും റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവാന്‍ കാരണമായതും.

ഈമാസം ഇരുപത്തിയെട്ടിനാണ് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ബിസിസിഐയുടെ വാർഷിക പൊതുയോഗം. വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതിന് പകരം ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയിലെത്താനാണ് നാളത്തെ യോഗം. അടുത്തിടെ വീണ്ടും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ വീണ്ടും ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നാണ് ആകാംക്ഷ. ഗാംഗുലിയെയും ഹര്‍ഭജനെയും ഒരേസമയം പ്രധാന പോസ്റ്റുകളിലേക്ക് പരിഗണിക്കുമോ എന്നും കണ്ടറിയേണ്ടതാണ്. 2019 മുതല്‍ 2022വരെ ബിസിസിഐ പ്രസിഡന്‍റായിരുന്ന ഗാംഗുലിക്ക് പകരം 2022ലാണ് റോജര്‍ ബിന്നി പ്രസിഡന്‍റായത്. 70 വയസെന്ന പ്രായപരിധി പിന്നിട്ടതോടെയാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബിന്നി സ്ഥാനമൊഴിഞ്ഞത്. നാളെ നടക്കുന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ സര്‍പ്രൈസ് പേരുകള്‍ ഉയര്‍ന്നുവരുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.

Exit mobile version