പരമ്പര വിജയിയെ നിർണയിക്കുന്ന അഞ്ചാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരുക്കേറ്റ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിന് ഓവൽ ടെസ്റ്റ് കളിക്കാനാവില്ല. 2-1ന് പരമ്പരയിൽ ഇംഗ്ലണ്ട് മുൻപിൽ നിൽക്കുകയാണ് എങ്കിലും ക്യാപ്റ്റനും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസെ എന്നിവരും ഇല്ലാതെ ഇറങ്ങുന്നത് ആതിഥേയർക്ക് വെല്ലുവിളിയാണ്. ഇന്ത്യയാവട്ടെ മാഞ്ചസ്റ്ററിൽ നിന്ന് ആത്മവിശ്വാസത്തോടെയാണ് പരമ്പര 2-2ന് സമനിലയിലാക്കാൻ ഉറച്ച് ഇറങ്ങുന്നത്.
ഋഷഭ് പന്തിന് പകരം ധ്രുവ് ജുറെൽ ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് വരും. ബോളർമാരിലേക്ക് വരുമ്പോൾ കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കാംബോജിന് മികവ് കാണിക്കാനായിരുന്നില്ല. ബുമ്ര അഞ്ചാം ടെസ്റ്റിൽ കളിക്കില്ലെന്ന് വ്യക്തമായി കഴിഞ്ഞു. അതിനാൽ മുഹമ്മദ് സിറാജ് നേതൃത്വം നൽകുന്ന ഇന്ത്യൻ ബോളിങ് നിരയിൽ ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഉൾപ്പെടാനാണ് സാധ്യത.
17 വിക്കറ്റുകളാണ് സ്റ്റോക്ക്സ് വീഴ്ത്തിയത്
ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ നാല് മാറ്റങ്ങളാണ് വരുത്തിയത്. ബെതൽ, അറ്റ്കിൻസൻ, ഒവെർടൺ, ജോഷ് ടങ് എന്നിവർ ഓവലിൽ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ജോലി ഭാരം ചൂണ്ടിയാണ് ആർച്ചർ, കാർസെ എന്നിവർക്ക് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചത്.
ബെൻ സ്റ്റോക്ക്സ് ആണ് പരമ്പരയിലെ വിക്കറ്റ് വേട്ടയിൽ മുൻപിൽ. 17 വിക്കറ്റുകളാണ് സ്റ്റോക്ക്സ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും സ്റ്റോക്ക്സ് ആയിരുന്നു കളിയിലെ താരം. സ്റ്റോക്ക്സിന്റെ അസാന്നിധ്യം ഇന്ത്യക്ക് ആശ്വാസമാണ്.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്(ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജേമി സ്മിത്, ഒവേർടൻ, ക്രിസ് വോക്സ്, അറ്റ്സിൻസൻ, ജോഷ് ടങ്
ഓവൽ പിച്ച് റിപ്പോർട്ട്
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പിച്ചുകളിൽ ഒന്നാണ് ഓവലിലേത്. ഓവലിൽ ആദ്യ ദിനം സീമർമാർക്ക് പിന്തുണ ലഭിക്കുന്നതാണ് സാധാരണ കണ്ടിട്ടുള്ളത്. ടെസ്റ്റിന്റെ രണ്ടും മൂന്നും ദിവസങ്ങളിൽ ബാറ്റിങ്ങിനെ സഹായിക്കും. അവസാനത്തെ രണ്ട് ദിവസം പിച്ചിൽ ടേൺ ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് കാലാവസ്ഥാ പ്രവചനം
ഓവൽ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലും മഴ ലഭിച്ചേക്കും എന്നാണ് സൂചന. ഇതേ തുടർന്ന് സീമും സ്വിങ്ങും ആദ്യ ദിവസങ്ങളിൽ കണ്ടെത്താനായേക്കും എന്ന ചിന്തയിൽ ടോസ് നേടുന്ന ടീമുകൾ ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
