ഇന്‍സ്റ്റഗ്രാമില്‍ ‘ചെന്നൈ ബന്ധം’ ഉപേക്ഷിച്ച് ജഡേജ; ആശങ്കയോടെ ആരാധകര്‍

ടൂര്‍ണമെന്റിനിടെ നായകസ്ഥാനത്തു നിന്ന് മാറ്റിയതിന്റെ ‘കലിപ്പ്’ തുടരുകയാണോ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. താരത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് ആരാധകര്‍ക്കിടയില്‍ അത്തരമൊരു അഭ്യൂഹം പരത്തുന്നത്. കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സി.എസ്.കെയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ജഡേജ.

2012 മുതല്‍ ചെന്നൈയുടെ സ്റ്റാറാണ് രവീന്ദ്ര ജഡേജ. ഒരു പതിറ്റാണ്ടുകാലം ടീമിന്റെ നെടും തൂണായിരുന്നു താരം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ധോണി ആശ്രയിച്ചിരുന്ന ജഡേജ ഫീല്‍ഡിലെ മിന്നല്‍ പ്രകടനങ്ങളിലൂടെയും പലതവണ ടീമിന്റെ രക്ഷകനായി. ഈ സീസണിന്റെ തുടക്കത്തിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എം.എസ് ധോണി നായക സ്ഥാനമൊഴിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു സ്ഥാനം കൈമാറിയത്.

എന്നാല്‍, നായകനെന്ന നിലയിലുള്ള അരങ്ങേറ്റം തീര്‍ത്തും നിരാശാജനകമായിരുന്നു ജഡേജയ്ക്ക്. ആദ്യ എട്ടു മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ടീമിനെ ജയത്തിലേക്ക് നയിക്കാനായുള്ളൂ. ക്യാപ്റ്റന്‍സി താരത്തിന്റെ വ്യക്തിപരമായ പ്രകടനത്തെയും ബാധിച്ചു. 10 മത്സരങ്ങളില്‍നിന്നായി വെറും 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. അതും 118.36 സ്ട്രൈക് റേറ്റില്‍. ബൗളിങ്ങില്‍ ആകെ നേടിയത് അഞ്ചു വിക്കറ്റും. ഫീല്‍ഡിലും അനായാസ ക്യാച്ചുകള്‍ പോലും കൈയില്‍ നിന്ന് ചോരുന്നതു കണ്ടും ആരാധകര്‍ അമ്പരന്നു.

ചെന്നൈ ചരിത്രത്തിലെ രണ്ടാമത്തെ മോശം സീസണ്‍ മുന്നില്‍ കാണുമ്പോഴായിരുന്നു സീസണിന്റെ പാതിയില്‍ ക്യാപ്റ്റന്‍സി ധോണിക്ക് തന്നെ ടീം മാനേജ്മെന്റ് തിരിച്ചു നല്‍കിയത്. എന്നാല്‍, തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജഡേജ മഞ്ഞക്കുപ്പായത്തില്‍ കളിച്ചത്. പരിക്കെന്ന് പറഞ്ഞ് ചെന്നൈ ക്യാംപ് വിട്ട ജഡേജ നാട്ടിലേക്ക് മടങ്ങി. ടീം മാനേജ്മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താരം പാതിവഴിയില്‍ കളി നിര്‍ത്തി മടങ്ങിയതെന്ന തരത്തില്‍ പ്രചാരണമുണ്ടായി. ഇടക്ക് ചെന്നൈയെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അണ്‍ഫോളോ ചെയ്തതായും അഭ്യൂഹമുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ നിന്ന് ഇടവേളയെടുത്ത ശേഷം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാമത്തെ ടെസ്റ്റിലാണ് ജഡേജ കളിച്ചത്. മത്സരത്തില്‍ സെഞ്ച്വറിയുമായി നിര്‍ണായക ഇന്നിങ്സ് കളിക്കുകയും ചെയ്തു. ടൂര്‍ണമെന്റിനു പിന്നാലെ പ്രഖ്യാപിച്ച വെസ്റ്റിന്‍ഡീസുമായുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റനായും താരം ഉള്‍പ്പെട്ടിട്ടുണ്ട്. ചെന്നൈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പുതിയ ദൗത്യത്തിന് ജഡേജയ്ക്ക് അഭിനന്ദനക്കുറിപ്പിടുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച ധോണിയുടെ ജന്മദിനത്തിന് ചെന്നൈ തയാറാക്കിയ ആശംസാ വിഡിയോയില്‍ ജഡേജയുണ്ടായിരുന്നില്ല. ഇതോടെ തന്നെ ആരാധകര്‍ ധോണിയുമായും ടീം മാനേജ്മെന്റുമായും നല്ല നിലയിലല്ല ജഡേജയുള്ളതെന്ന സംശയമുയര്‍ത്തിയിരുന്നു. ഈ സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന തരത്തിലാണ് ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്തിരിക്കുന്നത്.

 

Exit mobile version