സന്തോഷ് ട്രോഫി കേരളം- ബംഗാള്‍ ഫൈനല്‍ ഇന്ന്; കിരീടത്തില്‍ മുത്തമിടാന്‍ കേരളം

ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. സുവര്‍ണ കിരീടത്തില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ കേരളം ആഗ്രഹിക്കുന്നില്ല. അപ്പുറത്ത് ചരിത്രത്തില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കാന്‍ ബംഗാള്‍. ദേശീയ ഫുട്ബോളില്‍ ഇതൊരു ക്ലാസിക് വിരുന്നാകും.

സാധ്യതയില്‍ കേരളത്തിനാണ് മുന്‍തൂക്കം. ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനക്കാരായാണ് വരവ്. തോല്‍വിയറിയാത്ത മുന്നേറ്റം. ബംഗാളിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മികവ്. സെമിയില്‍ കര്‍ണാടകയെ ഏഴ് ഗോളിന് തകര്‍ത്ത വീര്യം. ഒത്തൊരുമ. സുശക്തമായ മുന്നേറ്റനിര. ഏത് പ്രതിരോധവും തകര്‍ക്കാനുള്ള കരുത്ത്. മുന്നേറ്റക്കാരും മധ്യനിരക്കാരും തമ്മിലുള്ള കൂട്ടായ്മ. അസാമാന്യ വേഗം, പന്തടക്കം. നിര്‍ണായക തീരുമാനമെടുക്കാന്‍ കരുത്തുള്ള തന്ത്രശാലിയായ കോച്ച്. എല്ലാത്തിനുമുപരി കാലില്‍ ഊര്‍ജം നിറയ്ക്കുന്ന ആള്‍ക്കൂട്ടാരവം.

സ്വന്തം മണ്ണില്‍ കപ്പുയര്‍ത്താന്‍ ഇതിനേക്കാള്‍ നല്ല അവസരം കിട്ടാനില്ല. പക്ഷേ, പ്രതീക്ഷകളുടെ ആകാശത്ത് വിള്ളല്‍ വീഴ്ത്തുന്നത് പ്രതിരോധത്തിലെ പാളിച്ചകളാണ്. കേരളത്തില്‍ നടന്ന ആറ് ഫൈനലില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയം. പയ്യനാട് അത് തിരുത്തുമെന്ന് ഉറപ്പിക്കാന്‍ കേരളം വിയര്‍പ്പൊഴുക്കണം. ടി കെ ജെസിന്‍, അര്‍ജുന്‍ ജയരാജ്, ഗോളി മിഥുന്‍ എന്നിവരുടെ പരിക്കും കേരളത്തെ വേട്ടയാടുന്നുണ്ട്.

ചരിത്രം ബംഗാളിന് നല്‍കുന്ന കരുത്ത് ചെറുതല്ല. എതിരാളികള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മെനയുകയാണ് ശൈലി. അതുകൊണ്ട് ഓരോ കളിയിലും പുതിയ രീതികള്‍. ഏത് ടീമിനോടും ഏറ്റുമുട്ടാന്‍ കരുത്തുറ്റ യുവനിര. ലീഗ് ടൂര്‍ണമെന്റ് കളിച്ച് പരിചയസമ്പന്നരായ താരങ്ങള്‍. മുന്നേറ്റനിരപോലെ സുശക്തമായ പ്രതിരോധം. ഗ്രൂപ്പില്‍ കേരളത്തോട് തോറ്റ ബംഗാളിനെയാകില്ല ഇനി കാണുകയെന്ന് കോച്ച് രഞ്ജന്‍ ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version