ആവേശപ്പോരില്‍ പൊരുതി വീണ് കേരളം, ഹൈദരാബാദിന് കന്നി ഐഎസ്എല്‍ കിരീടം

 

ഗോവയില്‍ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം പ്രതീക്ഷിച്ച ആരാധകര്‍ക്ക് വീണ്ടും നിരാശ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലില്‍ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എല്‍ കിരീടം ചൂടിയത്. കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം.

ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയ ശില്‍പി. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ജംഷഡ്പുരിനെതിരായ രണ്ടാംപാദ സെമി കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇവാന്‍ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ ലെസ്‌കോവിച്ചിന്റെ ലോങ്പാസ് ബോക്‌സില്‍ ലൂണയിലേക്ക്. വാസ്‌കസും ഡയസും ഓടിയെത്തുമ്പോഴേക്കും ഹൈദരാബാദ് പ്രതിരോധം പന്ത് തട്ടിയകറ്റി. പതിനൊന്നാം മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തി ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്തുതിര്‍ത്തെങ്കിലും പ്രഭ്‌സുഖന്‍ ഗില്‍ അനായാസം കൈയിലൊതുക്കി.

മധ്യനിരയില്‍ ആധിപത്യം നേടി കളി വരുതിയിലാക്കാനായിരുന്നു ഹൈദരാബാദ് ശ്രമം. എന്നാല്‍ പുയ്ട്ടിയയും ജീക്‌സണ്‍ സിങ്ങും ജാഗ്രത പുലര്‍ത്തിയതോടെ ഈ നീക്കം പാളി. മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെയ്ക്കുള്ള പന്തിന്റെ വിതരണം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. കരുതലോടെ നീങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രത്യാക്രമണങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. ആദ്യ അരമണിക്കൂറില്‍ പന്തിന്റെ ആധിപത്യം മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. 67 ശതമാനവും പന്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലിലായിരുന്നു.

രണ്ടാംപകുതി ബ്ലാസ്റ്റേഴ്‌സിന്റെ കോര്‍ണറിലൂടെയാണ് കളി തുടങ്ങിയത്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പതറിയില്ല. 68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്ന മുഹര്‍ത്തമെത്തി. പ്രതിരോധത്തില്‍ നിന്ന് ജീക്‌സണ്‍ സിങ് നീട്ടിനല്‍കിയ പന്തുമായി രാഹുല്‍ മുന്നേറി. അനായാസം പ്രതിരോധക്കാരെ വെട്ടിമാറ്റി ഇരുപത്തഞ്ച് വാര അകലെനിന്ന് രാഹുല്‍ ഷോട്ട് തൊടുത്തു. ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കണക്കുക്കൂട്ടല്‍ തെറ്റി. കൈയ്യില്‍ നിന്ന് പന്ത് വഴുതി.

88-ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പമെത്തി. സഹില്‍ ടവോരയുടെ ലോങ്‌റേഞ്ച് ലക്ഷ്യത്തിലെത്തി. നിശ്ചിത സമയം അവസാനിക്കവേ ഇരുടീമുകളും തുല്യത പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും സ്‌കോര്‍ തുല്യമായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. എ.ടി.കെ മോഹ്വന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകള്‍ക്ക് ശേഷം ഐ.എസ്.എല്‍ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.

 

Exit mobile version