‘കോഹ്ലി നായകനാകില്ല’; അഭ്യൂഹങ്ങള്‍ക്കു വിരാമം, ആ അധ്യായം അടച്ച് ആര്‍.സി.ബി. പരിശീലകന്‍

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് നായകനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. കോഹ്ലി നായക സ്ഥാനത്തേക്കു തിരിച്ചെത്തില്ലെന്ന ഉറച്ച മറുപടിയുമായി ടീം പരിശീലകനും മുന്‍ താരവുമായ ഡാനിയല്‍ വെറ്റോറിയാണ് അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടത്.

കഴിഞ്ഞ സീസണിനു ശേഷമാണ് കോഹ്ലി ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. കോഹ്ലിക്കു പകരക്കാരനായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ഈ സീസണില്‍ ടീമിനെ നയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഈ മാസം 27-ന് വിവാഹിതനാകുന്ന മാക്സ്വെല്‍ ലീഗിലെ ആദ്യ പകുതിയില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍സിക്കു മറ്റ് ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ കോഹ്ലി നായക സ്ഥാനത്തേക്കു തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വെറ്റോറി ഇന്നലെ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ”കോഹ്ലി നായക സ്ഥാനത്തേക്കു തിരിച്ചു വരില്ല. ലളിതവും എന്നാല്‍ അദ്ദേഹത്തിന്റെ ഉറച്ചതുമായ തീരുമാനമാണത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതാണ് അവന്‍. ഇനി അത് ഏറ്റെടുക്കാന്‍ അവനെ നിര്‍ബന്ധിക്കില്ല”- പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെറ്റോറി പറഞ്ഞു.

ലീഗിന്റെ പ്രഥമ സീസണ്‍ മുതല്‍ ആര്‍.സി.ബി. താരമായ കോഹ്ലി 2013-ലാണ് ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ ടീമിനെ കിരീട ജയത്തിലേക്കു നയിക്കാന്‍ കോഹ്ലിക്കായിരുന്നില്ല. മാക്സ്വെല്ലിന്റെ അഭാവത്തിലും കോഹ്ലി സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിനാലും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലീസിസ് ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡുപ്ലീസിസിനു പുറമേ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന താരമാണ്.

Exit mobile version