പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തിന്റെ കരാര്‍ അഡിഡാസ് റദ്ദാക്കി

 

 

പൂച്ചയെ മര്‍ദച്ചതിന് വെസ്റ്റ്ഹാം യുണൈറ്റഡ് ഫ്രഞ്ച് ഫുട്‌ബോള്‍ താരം കുര്‍ട് സോമയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കുന്നതായി അഡിഡാസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കരാര്‍ റദ്ദാക്കുകയാണെന്നും അഡിഡാസ് പ്രസ്താവനയില്‍ പറയുന്നു. ഫ്രഞ്ച് ഡിഫന്‍ഡറുടെ ഔദ്യോഗിക കിറ്റ് നല്‍കുന്നത് അഡിഡാസാണ്.

കൂടാതെ ഇന്‍ഷുറന്‍സ്- ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ വൈറ്റാലിറ്റി സൗമയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചു. മറ്റു ചില കരാറുകളും പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.

പൂച്ചയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലുടെ പുറത്തു വിട്ടത്. ദൃശ്യങ്ങള്‍ വിവാദമായതോടെ സംഭവത്തില്‍ മാപ്പുചോദിച്ചു കൊണ്ട് സൗമ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡിനെതിരായ മത്സരത്തില്‍ വെസ്റ്റ്ഹാം സൗമയെ കളത്തിലിറക്കിയിരുന്നില്ല. തുടര്‍ന്നും ഇത്തരത്തിലുള്ള നടപടി സ്വീകരിക്കാനാണ് ക്ലബ് അധികൃതരുടെ തീരുമാനം.

അതേസമയം സൗമയുടെ പ്രവര്‍ത്തി ഞെട്ടിക്കുന്നതാണെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് പറഞ്ഞു. ഫ്രഞ്ച് ടീമില്‍ സൗമയെ ഉള്‍പ്പെടുത്തരുതെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. സൗമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു ലക്ഷം പേര്‍ ഒപ്പിട്ട പരാതിയാണ് താരത്തെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയത്.

Exit mobile version