മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം പി.ആര്‍ ശ്രീജേഷിന്

 

മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന്. 1,27,647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് പുരസ്‌കാരത്തിന് അര്‍ഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആല്‍ബര്‍ട്ട് മെഗന്‍സ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആര്‍ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.

2004 ലാണ് ശ്രീജഷ് ജൂനിയര്‍ നാഷണല്‍ ടീമില്‍ ഇടം നേടുന്നത്. 2006 ലാണ് സീനിയര്‍ നാഷണല്‍ ഗെയിമില്‍ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗവും 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു പിആര്‍ ശ്രീജേഷ്.

2021 ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസുയര്‍ത്തി കേരളത്തിന് അഭിമാനമായി ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടാന്‍ ശ്രീജേഷ് നിര്‍ണായക പങ്ക് വഹിച്ചു. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഹോക്കിയില്‍ മെഡല്‍ ലഭിക്കുന്നത്. 2017 ല്‍ പത്മശ്രീയും 2015 ല്‍ അര്‍ജുന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. മുന്‍ ലോംഗ്ജംപ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷയാണ് ഭാര്യ.

 

Exit mobile version