രോഹിത് തിരിച്ചെത്തി: വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 

 

വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ്ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയും ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും ടീമില്‍ ഇടം പിടിച്ചു. ഫിറ്റ്നസ് വീണ്ടെടുത്ത രോഹിത് ശര്‍മയാണ് രണ്ടു ടീമുകളെയും നയിക്കുക.

റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലിനെ ട്വന്റി20 ടീമില്‍ പരിഗണിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനെ ട്വന്റി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തി.

വിന്‍ഡീസിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യുമാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. മല്‍സരങ്ങള്‍ അഹമ്മദാബാദിലാണ്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കളിക്കില്ല. രണ്ടാം ഏകദിനം മുതലാണ് അദ്ദേഹം ടീമിനൊപ്പം ചേരുക. ആര്‍. അശ്വിനെ രണ്ട് ടീമുകളിലേക്കും പരിഗണിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ അശ്വിനായിരുന്നില്ല.

ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിച്ചിട്ടില്ല. അക്ഷര്‍ പട്ടേല്‍ ട്വന്റി20 പരമ്പരയില്‍ മാത്രമേ കളിക്കുകയുള്ളൂ. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഭുവനേശ്വര്‍ കുമാറിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. താരത്തെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ നിലനിര്‍ത്തി. വെങ്കടേഷ് അയ്യരെ ട്വന്റി20 ടീമില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഏകദിനത്തില്‍ പകരം ദീപക് ഹൂഡയ്ക്കാണ് അവസരം ലഭിച്ചത്.

Exit mobile version