ദക്ഷണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇന്ന് ഇറങ്ങുന്നു. ഇന്ന് കേപ്ടൗണിലാണ് അവസാന അങ്കം. മൂന്നാം ഏകദിനത്തിലും ഇന്ത്യ ഇതേ ടീമിനെത്തന്നെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. ഒന്നില്‍ക്കൂടുതല്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം മധ്യനിരയില്‍ മോശം ഫോം തുടരുന്ന ശ്രേയസ് അയ്യരാണ് പുറത്താവാന്‍ സാധ്യതയുള്ള ഒരാള്‍. പകരം സൂര്യകുമാര്‍ യാദവ് ടീമിലേക്കു വന്നേക്കും.
ബൗളിങ്ങില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജപ്പെട്ട ഭുവനേശ്വര്‍ കുമാറിനു പകരം ദീപക് ചാഹര്‍ കളിക്കുമെന്നാണ് സൂചന. മുഹമ്മദ് സിറാജിന്റെ പേരും പരിഗണനയിലുണ്ട്.
രണ്ടു മത്സരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും ഇത് അഗ്‌നിപരീക്ഷയാണ്. തന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഈ മല്‍സരമെങ്കിലും അദ്ദേഹത്തിനു വിജയിച്ചേ തീരൂ. മല്‍സരം ഇന്ത്യന്‍ സമയം രണ്ട് മണിക്ക് ആരംഭിക്കും.
രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകള്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. എങ്കിലും ആദ്യ ഏകദിനത്തെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നായകനെന്ന നിലയില്‍ രണ്ടാം ഏകദിനത്തില്‍ അദ്ദേഹം പുറത്തെടുത്തിരുന്നു.
