12 ദിവസത്തില്‍ നാല് മത്സരങ്ങള്‍; ബ്ലാസ്റ്റേഴ്‌സ് വീണ്ടും മത്സരച്ചൂടിലേക്ക്

 

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മത്സരച്ചൂടിലേക്ക്. ഗോവയ്‌ക്കെതിരെ ഈ മാസം രണ്ടിന് അവസാന മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത 12 ദിവസത്തിനിടെ കളിക്കുക നാല് മത്സരങ്ങളാണ്. നാളെ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് 12, 16, 20 തീയതികളിലും കളത്തിലിറങ്ങും. 20 കഴിഞ്ഞാല്‍ പിന്നെ 10 ദിവസത്തിനു ശേഷമേ ബ്ലാസ്റ്റേഴ്‌സിനു മത്സരമുള്ളൂ.

നാളെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം 12ന് ഒഡീഷ, 16ന് മുംബൈ, 20ന് എടികെ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇതില്‍ ഒഡീഷയെയും മുംബൈയെയും ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദത്തില്‍ പരാജയെപ്പെടുത്തിയതാണ്. ഹൈദരാബാദിനെതിരെ ഇതുവരെ കളിച്ചിട്ടില്ല. എടികെയ്‌ക്കെതിരെ പരാജയപ്പെട്ടു.

സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പരാജയം അറിഞ്ഞത് എടികെയ്‌ക്കെതിരെയാണ്. ഉദ്ഘാടന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് എടികെയോട് കീഴടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.

Exit mobile version