പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പാകിസ്ഥാന് വേണ്ടി 392 അന്തരാഷ്ട മത്സരങ്ങള്‍ കളിച്ച താരം 12,789 റണ്‍സും 253 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ‘ലാഹോര്‍ ഖലന്ദറി’ന് വേണ്ടി കളിക്കുന്ന 41-കാരനായ ഹഫീസ് ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.

‘അഭിമാനത്തോടെയും സംതൃപ്തിയോടേയും ഞാനിന്ന് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരെ എത്താന്‍ കഴിഞ്ഞു. കരിയറില്‍ പിന്തുണച്ച സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനും നന്ദി അറിയിക്കുന്നു.” പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഹഫീസ് പറഞ്ഞു.

”ക്രിക്കറ്റ് എനിക്കൊരു വിദ്യാലമായിരുന്നു, വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും സംസ്‌കാരങ്ങള്‍ അറിയാനും സുഹൃത്തുക്കളെ ഉണ്ടാക്കാനുമുള്ള ഭാഗ്യം ഇത് എനിക്ക് നല്‍കി. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. എന്റെ കരിയറില്‍ ഉടനീളം എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി” ഹഫീസ് പറഞ്ഞു.

2018ല്‍ ഹഫീസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 55 ടെസ്റ്റ് മത്സരങ്ങളും, 218 ഏകദിനങ്ങളും 119 ട്വന്റി20 മത്സരങ്ങളും പാകിസ്ഥാന് വേണ്ടി കളിച്ച ഹഫീസ് മൂന്ന് ഏകദിന ലോകകപ്പുകളിലും ആറ് ട്വന്റി20 ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2003ല്‍ സിംബാവേക്കെതിരായ ഏകദിനത്തിലായിരുന്നു ഹഫീസിന്റെ അരങ്ങേറ്റം. കഴിഞ്ഞ നവംബറില്‍ ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ആയിരുന്നു അവസാന മത്സരം.

Exit mobile version