കുതിച്ചുയര്‍ന്ന് പോളിങ്; ശ്രെദ്ധേയമായ മത്സരം നടന്നത് കോട്ടയത്ത്‌ ; രണ്ടാം ഘട്ടം നിര്‍ണായകമാകുക ജോസ് കെ മാണിക്ക്

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെ മറികടന്ന് രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ് വന്നതോടെ മൂന്നു മുന്നണികളും വലിയ പ്രതീക്ഷയില്‍. ആദ്യഘട്ടത്തില്‍ 72.67 ശതമാനമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് 76 ശതമാനത്തിനു മുകളിലെത്തി. പോളിങ് ശതമാനം ഉയരുന്നത് അനുകൂലമാണെന്നാണ് മുന്നണികളുടെ അവകാശവാദം.

രണ്ടാംഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് കോട്ടയം ജില്ലയിലാണ്. എല്‍ഡിഎഫിലെത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ജോസ് കെ. മാണിക്ക് ഏറെ നിര്‍ണായകമാണ്. കോട്ടയം ജില്ലയില്‍ ശക്തി തെളിയിക്കാനായാല്‍ മുന്നണിയില്‍ ജോസിന്റെ വിലപേശല്‍ശേഷി കൂടും. ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാനായാല്‍ അതു ഇടതിന് വലിയ നേട്ടം തന്നെയാകും. പക്ഷേ മറിച്ചായാല്‍ കാര്യങ്ങള്‍ ജോസ് കെ മാണിക്ക് ഗുണകരമാവില്ല.
സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങേണ്ടിവരും. അതിലുപരി സിപിഐ സ്വീകരിക്കുന്ന നിലപാടുകളും നിര്‍മായകമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ സിപിഎം വാഗ്ദാനം ചെയ്ത സീറ്റുകളില്‍ പോലും കുറവുണ്ടാകാം.

മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടി തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നായിരുന്നു ജോസിന്റെ മറുപടി. ജോസ്, ജോസഫ് പക്ഷങ്ങളില്‍ ആര്‍ക്കാണ് ശക്തിയെന്നതിനും ഈ തെരഞ്ഞെടുപ്പ് വിധിയെഴുതും. യുഡിഎഫിലെ ജോസഫ് വിഭാഗത്തിനും കോട്ടയത്ത് കരുത്തു തെളിയിക്കേണ്ടത് ആവശ്യമാണ്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ മുന്‍കൈയെടുത്തു നടത്തിയ പ്രചാരണം പാഴായില്ലെന്നു തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്.

തൃശൂരില്‍ ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫിനായിരുന്നു കഴിഞ്ഞ തവണ മുന്‍തൂക്കം. വയനാട്ടില്‍ ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചു. ബ്ലോക്ക് പഞ്ചായത്തിലും ആധിപത്യം നേടി. നഗരസഭ മൂന്നും പിടിച്ച എല്‍ഡിഎഫ് പഞ്ചായത്ത് തലത്തിലും മുന്നേറിയിരുന്നു. പാലക്കാട് ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും പഞ്ചായത്തു തലത്തിലും എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ ഏഴില്‍ നാലു നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളത്ത് യുഡിഎഫ് മുന്നേറിയപ്പോള്‍ പഞ്ചായത്തുതലത്തില്‍ മാത്രമാണ് എല്‍ഡിഎഫിനു നേട്ടമുണ്ടായത്.

എല്‍ഡിഎഫ് തരംഗമുണ്ടായപ്പോഴൊക്കെ കൂടെനിന്ന എറണാകുളം, കോട്ടയം ജില്ലകള്‍ കൂടെനില്‍ക്കുമെന്നും മറ്റുള്ള ജില്ലകളില്‍ മികച്ച വിജയം നേടുമെന്നും യുഡിഎഫ് പറയുന്നു. ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് കോട്ടയത്ത് അനുകൂലമാകുമെന്നും എറണാകുളം അടക്കമുള്ള ജില്ലകളില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടലുകള്‍.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തുണയാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതി ജനങ്ങള്‍ തിരിച്ചറിഞ്ഞ് വിധിയെഴുതുമെന്ന് യുഡിഎഫ് കരുതുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 14നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 16നാണ്.

Exit mobile version