Main Menu

ഉരുട്ടിക്കൊണ്ടു വന്ന വാഹനത്തിനു പിഴ ഇട്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ് ചെയ്തു. യുവാവിനെ എത്തിച്ചത് ഇരു കൈകളിലും വിലങ്ങു വെച്ച് !!

തിരുവനന്തപുരം : വർക്‌ഷോപ്പിലേക്കു ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചു എന്നാരോപിച്ച് പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ് ചെയ്തു. . മണക്കാട് കരിമഠം കോളനിയിൽ ടി.സി 39/1920 ൽ അജിത്ത് എന്ന് വിളിക്കുന്ന അജേഷി(19) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി, സമൂഹ്യമാധ്യമങ്ങളിൽ പൊലീസ് മോശമായി പെരുമാറിയെന്ന് വ്യാജ പ്രചരണം നടത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഒരു കൊടും കുറ്റവാളിയെ പോലെ ഇരു കൈകളിലും വിലങ്ങു വെച്ച് യുവാവിനെ കൊണ്ട് പോകുന്നതിന്റെ വീഡിയോ ഇതിനകം ഫോർട്ട് പോലീസ് എന്ന ഫെസ്ബൂക് പേജിലും പ്രത്യക്ഷപ്പെട്ടു. ഫേസ്‌ബുക്കിൽ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.

വീഡിയോയിൽ പോലീസിന്റെ കൃത്യനിർവഹണം യുവാവ് തടസപ്പെടുത്തിയതായി പ്രാഥമികമായി കാണുവാൻ കഴിയുന്നില്ല. നിലത്തു കിടക്കുന്ന ഒരു പേപ്പർ പോലീസ് ഉദ്യോഗസ്ഥ എടുക്കുന്നതായി വീഡിയോയിൽ കാണാം. എന്നാൽ ഇത് യുവാവ് വലിച്ചെറിഞ്ഞതാണോ , അതോ കാറ്റത്തു പറന്നു പോയതാണോയെന്നു വീഡിയോയിൽ വ്യക്തമല്ല. വീഡിയോ പകർത്തിയത് മൂലം പോലീസ് ഉദ്യോഗസ്ഥ തന്റെ ഫയലുകൾ മടക്കി വാഹനത്തിൽ കയറി പോകുന്നത് വരെയുള്ള രംഗമാണ് വീഡിയോയിൽ ഉള്ളത്.

വീഡിയോയിലുടനീളം മാഡം എന്ന് വിളിച്ച് ബഹുമാനത്തോടെയാണ് യുവാവ് സംസാരിക്കുന്നതും. എന്നാൽ ഇരുചക്ര വാഹനം യുവാവ് ഉരുട്ടിക്കൊണ്ടു വന്നതാണെന്ന് തെളിയിക്കാൻ ആ ഭാഗം യുവാവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ലഭ്യം അല്ല താനും. ഇത് കേസിൽ പോലീസിനും തുണയാകുകയും ചെയ്യും. ഇരു കൈകളിലും വിലങ്ങു വെച്ച് യുവാവിനെ കൊണ്ട് പോകുന്നതിനു അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് കിഴക്കേക്കോട്ടയ്ക്ക് സമീപം വെട്ടിമുറിച്ച കോട്ട ഭാഗത്താണ് പൊലീസും അജേഷും തമ്മിൽ തർക്കമുണ്ടായത്. വനിതാ എസ്ഐയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. അജേഷിന്റെ വാഹനത്തിന്റെ നമ്പർ എസ്ഐ ചോദിക്കുന്നത് മുതലാണ് സാമൂഹ്യമാധ്യമങ്ങളിൽ വന്ന വിഡിയോയിൽ ഉള്ളത്.

താൻ വർക്‌ഷോപ്പിലേക്ക് ഇരുചക്രവാഹനം ഉരുട്ടിക്കൊണ്ടു പോവുകയാണെന്നും എന്തിനാണ് പിഴ ഈടാക്കുന്നതെന്നും അജേഷ് ചോദിക്കുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ പിടിച്ച് വാങ്ങാൻ പൊലീസുകാർ ശ്രമിക്കുന്നുണ്ട്. ബഹളം വച്ച് ആളെ കൂട്ടരുതെന്നും വനിതാ എസ്ഐ പറയുന്നുണ്ട്. ഒടുവിൽ അജേഷിന്റെ പ്രതികരണത്തിൽ സഹികെട്ട് പരിശോധന മതിയാക്കി വാഹനം എടുത്ത് പൊലീസ് തിരിച്ച് പോവുന്നതും കാണാം.

അജേഷ് പോസ്റ്റ് ചെയ്ത വീഡിയോ ഒട്ടേറെപ്പേർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇയാൾ അമിത വേഗതയിൽ ഇരുചക്രവാഹനം ഓടിച്ച് വന്നുവെന്നും കൈകാണിച്ചിട്ട് നിർത്താതെ അടുത്ത പമ്പിൽ കയറ്റി നിർത്തുകയായിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാൻ നിർദേശിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് സംസാരിക്കുകയായിരുന്നെന്നും അതിനെ തുടർന്നാണ് അറസ്റ്റ് എന്നുമാണ് പൊലീസ് ഭാഷ്യം.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp