എന്താണ് ഷിഗെല്ല രോഗം? ലക്ഷണങ്ങള്‍ എന്തെല്ലാം?

കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തി ഷിഗെല്ല ബാക്ടീരിയാ രോഗം.ഈ രോഗം ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ആറു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.സമാന രോഗലക്ഷണങ്ങളുള്ള ഇരുപത്തി അഞ്ച് പേരെ കണ്ടെത്തയിട്ടുണ്ട്.

സൂക്ഷിച്ചില്ലെങ്കില്‍ ഏതൊരു സാഹചര്യത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകാന്‍ സാധ്യതതയുള്ള ഒന്നാണ് ഷിഗെല്ല ബാക്ടീരിയകള്‍.
എ്ന്താണ് ഷിഗെല്ല ബാക്ടീരിയ
ദഹനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ബാക്ടീരിയകളാണ് ഈ രോഗത്തിന് കരണമാവുന്നത്. പ്രധാനമായും മലിനജലത്തിലൂടെയും മലിനവിസര്‍ജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെയും ചില സാഹചര്യത്തില്‍ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകള്‍ വ്യാപിക്കുന്നത്. ഇവ ശരീരത്തില്‍ കടന്നു കൂടിയ ശേഷം കുടലിനെ പ്രകോപിപ്പിക്കുന്ന വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നു.രോഗത്തിന്റെ പ്രാഥമിക ലക്ഷണം വയറിളക്കമാണ്. കൂടാതെ പനി, വയറുവേദന, അടിക്കടിയുണ്ടാകുന്ന മലശങ്ക എന്നിവയും ഉണ്ടാകും.
മുതിര്‍ന്നവരേക്കാളും പ്രായമായവരെക്കാളും കൊച്ചുകുട്ടികളിലാണ് രോഗസാധ്യത കൂടുതലായി കാണപ്പെടുന്നത്.

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.ചില സന്ദര്‍ഭങ്ങളില്‍ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഷിഗെല്ല ബാധിക്കുന്നവരില്‍ എല്ലാവരിലും രോഗലക്ഷണങ്ങള്‍ ഒരുപോലെ പ്രകടമാവണമെന്നില്ല. പലപ്പോഴും രോഗലക്ഷണങ്ങള്‍ അതിന്റെ തീവ്രതയില്‍ വ്യത്യാസപ്പെട്ടിരിക്കാം.

നേരിയ തോതിലുള്ള അണുബാധയാണ് ഉണ്ടായതെങ്കില്‍ അത് പലപ്പോഴും ലക്ഷണങ്ങള്‍ പുറത്തു കാട്ടാതിരിക്കുകയോ അതിനാല്‍ തന്നെ തിരിച്ചറിയപ്പെടാതെ പോകുകയോ ചെയ്യാം.
വയറിളക്കവും ഷിഗെല്ലയുടെ മറ്റു രോഗലക്ഷണങ്ങളും സാധാരണയായി രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടു നില്‍ക്കും. എന്നാല്‍ മൂന്നുദിവസത്തിനു ശേഷവും വയറിളക്കം കുറയുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്. പ്രത്യേകിച്ച് രോഗം ബാധിച്ച് നിങ്ങളുടെ ശരീരത്തില്‍ ഭക്ഷണമോ ജലാംശമോ ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഷിഗെല്ലാ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് തന്നെ രോഗം ബാധിച്ചാല്‍ പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ടത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ് . ഈ സമയത്ത് ഇലെക്ട്രോലൈറ്റ് അടങ്ങിയ ദ്രാവകങ്ങള്‍ കുടിക്കേണ്ടത്. ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് നല്ലതല്ല.എന്തെന്നാല്‍ ഇത് ശരീരത്തിലെ ബാക്ടീരിയകളെ കൂടുതല്‍ നേരം നിലനിര്‍ത്തുകയും രോഗം വഷളാക്കുകയും ചെയ്‌തേക്കാം. കഠിനമായ ലക്ഷണങ്ങള്‍ പുറത്തു കാണുകയും മൂന്ന് ദിവസത്തിനു ശേഷവും അവ കുറയുന്നില്ല എങ്കിലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. മല പരിശോധനയിലൂടെയാണ് രോഗ നിര്‍ണ്ണയം നടത്തുക. രോഗം സ്ഥിരീകരിച്ചാല്‍ ദഹനനാളത്തില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ശരിയായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.

Exit mobile version