‘എപ്പിക്ലോറോഹൈഡ്രിൻ’ അടങ്ങിയ ടീ ബാ​ഗുകൾ ഇന്ത്യയിൽ നിരോധിച്ച് ബിഐഎസ്

 

ന്യൂഡൽഹി: ‘എപ്പിക്ലോറോഹൈഡ്രിൻ’ അടങ്ങിയ ടീബാ​ഗുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി ദേശീയ നിലവാര നിർണ്ണയ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). കാൻസർ ഉൾപ്പെടെ പല രോ​ഗങ്ങൾക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാ​ഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.

രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതിനൊപ്പം ‌ടീബാ​ഗുകളുടെ ​ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർ​ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു.

ടീബാ​ഗുകൾ നിർമിക്കാനുപയോ​ഗിക്കുന്ന അസംസ്തൃത വസ്തുക്കൾ, നൂല്, ഫാസ്റ്റ്നർ, ടാ​ഗുകൾ, മഷി, പശ തുടങ്ങിയവയുടെ ​ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിർദേശിച്ചു. പുതിയ നിർബന്ധന അനുസരിച്ച് ടീബാ​ഗ് പേപ്പർ, ടാ​ഗ്, നൂൽ എന്നിവ നിർബന്ധമായും മൈ​ഗ്രേഷൻ പരിശോധന പാസായിരിക്കണം.

Exit mobile version