ഷുഗർ നോർമലല്ലേ’ എന്ന് കരുതി സമാധാനിക്കണ്ട; മുന്നറിയിപ്പുമായി ഡോക്ടർ

രക്തപരിശോധനയിൽ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാണെന്ന് കണ്ട് പ്രമേഹമില്ലെന്ന് ഉറപ്പിച്ചു പറയുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഫാസ്റ്റിങ് ഷുഗർ ലെവൽ മാത്രം നോക്കി പ്രമേഹമില്ലെന്ന് തീരുമാനിക്കുന്നത് അപകടകരമായേക്കാം. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറാണ് ഈ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു നിശ്ചിത സമയത്തെ അവസ്ഥ മാത്രമാണ് ഫാസ്റ്റിങ് ടെസ്റ്റിലൂടെ അറിയാൻ കഴിയുന്നത്. എന്നാൽ, ഇത് പലപ്പോഴും പ്രമേഹത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ മറച്ചുവെച്ചേക്കാം. ഡോ.സുധീർ കുമാർ തന്റെ പക്കൽ ചികിത്സയ്ക്ക് എത്തിയ ഒരു രോഗിയുടെ ഉദാഹരണത്തിലൂടെയാണ് ഇത് വ്യക്തമാക്കുന്നത്. കാലുകളിൽ കടുത്ത പുകച്ചിലും വേദനയുമായി എത്തിയ രോഗിയുടെ ഫാസ്റ്റിങ് ഷുഗർ പരിശോധിച്ചപ്പോൾ അത് നോർമൽ ആയിരുന്നു. എന്നാൽ കൂടുതൽ വിശദമായ എച്ച്ബിഎ1സി പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹം പ്രമേഹത്തിന്റെ പിടിയിലാണെന്നും അത് നാഡികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും മനസിലായത്.

എന്തുകൊണ്ട് ഫാസ്റ്റിങ് ഷുഗർ തെറ്റായ സൂചന നൽകുന്നു?

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഷുഗർ വർധനവാണ് പലപ്പോഴും ശരീരത്തിലെ നാഡികൾക്കും രക്തക്കുഴലുകൾക്കും ആദ്യമേ കേടുപാടുകൾ വരുത്തുന്നത്. ഫാസ്റ്റിങ് ഷുഗർ നോർമൽ ആയിരിക്കുമ്പോഴും ഭക്ഷണം കഴിഞ്ഞ് ഷുഗർ പെട്ടെന്ന് കൂടുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് ക്രമേണ ശരീരത്തിലെ അവയവങ്ങളെ നിശബ്ദമായി നശിപ്പിക്കുന്നു.

പരിഹാരമെന്ത്?

ഫാസ്റ്റിങ് ഷുഗർ പരിശോധനയോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് കാണിക്കുന്ന എച്ച്ബിഎ1സി പരിശോധന കൂടി നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. പ്രമേഹം നേരത്തെ കണ്ടെത്താനും നാഡികൾക്കും ഹൃദയത്തിനും വൃക്കകൾക്കും ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും.

സാധാരണയായി 8 മുതൽ 10 മണിക്കൂർ വരെ രാത്രി മുഴുവൻ ഉപവസിച്ചതിന് ശേഷമാണ് ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് പരിശോധിക്കുന്നത്. ആ പ്രത്യേക സമയത്ത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയാണെന്ന് ഇത് കാണിക്കുന്നു. ഇക്കാരണത്താൽ, പ്രമേഹമോ പ്രീ-ഡയബറ്റിസോ തിരിച്ചറിയുന്നതിനുള്ള ആദ്യകാല സ്‌ക്രീനിങ് ടെസ്റ്റുകളിൽ ഒന്നായിട്ടാണ് പലപ്പോഴും എഫ്ബിജി ഉപയോഗിക്കുന്നതെന്ന് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ.പ്രണവ് ഘോഡി പറഞ്ഞു.

“ഫാസ്റ്റിങ് ഗ്ലൂക്കോസിലുണ്ടാകുന്ന വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് ഇത് ലളിതവും വേഗത്തിലുള്ളതും ഫലപ്രദവുമായ മാർഗ്ഗമാണ്. എന്നിരുന്നാലും, മാനസിക സമ്മർദം, അസുഖം, ഉറക്കം, തലേദിവസത്തെ ആഹാരരീതി, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിവ കാരണം ഇതിന്റെ അളവിൽ ഓരോ ദിവസവും മാറ്റങ്ങൾ വരാം,” ഡോ.ഘോഡി വ്യക്തമാക്കി.

എച്ച്ബിഎ1സി കൂടുതൽ വിശാലവും സ്ഥിരതയുള്ളതുമായ റിപ്പോർട്ട് നൽകുന്നുവെന്ന് ഡോ.ഘോഡി പറഞ്ഞു. “ഇത് കഴിഞ്ഞ രണ്ട് മുതൽ മൂന്ന് മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്. ഈ കാരണത്താൽ, പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ച വ്യക്തികളിൽ ദീർഘകാലത്തെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ സാധാരണയായി എച്ച്ബിഎ1സി പരിശോധനയാണ് ഉപയോഗിക്കുന്നത്. ഒരു തവണത്തെ ഫാസ്റ്റിങ് ടെസ്റ്റ് നോർമൽ ആണെങ്കിൽ പോലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി കൂടുതലായിരുന്നോ എന്ന് മനസിലാക്കാൻ ഇത് ഡോക്ടർമാരെ സഹായിക്കുന്നു,” ഡോ.ഘോഡി പറഞ്ഞു.

Exit mobile version