‘ടൈപ്പ് 1 പ്രമേഹം’ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍; പ്രധാന കാരണം ജനിതക ഘടകങ്ങള്‍, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

‘ടൈപ്പ് 1 പ്രമേഹം’ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായി സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനെപ്പറ്റി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് വ്യക്തമായ മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് അല്ലെങ്കില്‍ ഹൈപ്പര്‍ ഗ്ലൈസീമിയയാണ് ഇന്ത്യക്കാരില്‍ കൂടുതലായി കാണപ്പെടുന്നത്.

ഈ രോഗത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം ജനിതക ഘടകങ്ങളാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയ്ക്കും അച്ഛനും സഹോദരങ്ങള്‍ക്കും ഈ രോഗമുള്ളപ്പോള്‍ അപകടസാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. 10-14 വയസിനിടയിലുള്ള കുട്ടികളിലാണ് ടൈപ്പ് ഒന്നില്‍പ്പെട്ട പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ്പും അനുബന്ധ ചികിത്സകളും ആവശ്യമാണ്.

ആഗോളതലത്തില്‍ 2019-ല്‍ ടൈപ് 1 പ്രമേഹം മൂലം നാല് ദശലക്ഷത്തിലധികം മരണങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഏറ്റവും കൂടുതല്‍ പ്രമേഹം സ്ഥിരീകരിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് 150 ശതമാനമാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിലധികം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ സമീപകാല കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയെന്നതാണ് പ്രമേഹരോഗം നിയന്ത്രിക്കാനുള്ള മാര്‍ഗം. ടൈപ്പ് 1 ഡയബറ്റിസിനെതിരായ പ്രതിരോധത്തെ ഇത് ശക്തിപ്പെടുത്തും. നേരത്തെയുള്ള രോഗനിര്‍ണയവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതും കുട്ടികളെ അപകടതില തരണം ചെയ്യാന്‍ പ്രാപ്തരാക്കും.

 

Exit mobile version