മഴയെ അവഗണിച്ചും ജനസാഗരം, വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് വി എസ് അച്യുതാനന്ദന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്.

കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്.

17 മണിക്കൂറില്‍ 104 കിലോമീറ്റര്‍ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്. വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം

Exit mobile version