വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക ദുരുപയോഗം നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയില്‍ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.

30 വീടുകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മീന്‍ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവന്‍ പണവും യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ട്. അതില്‍ ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകള്‍ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.

വയനാട്ടില്‍ വീടുനിര്‍മിക്കാന്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് അപേക്ഷ നല്‍കി. പക്ഷെ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ല. സ്വന്തമായി ഭൂമി കണ്ടെത്തി കൊടുക്കാമെന്നും അത് ഏറ്റെടുത്ത് നല്‍കണമെന്ന് അറിയിച്ചിട്ടും ഉണ്ടായില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. വയനാടുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണം തീര്‍ത്തുംസുതാര്യമായിരുന്നു. ജനങ്ങള്‍ അടക്കം എല്ലാവരും സര്‍ക്കാരിന് പണം നല്‍കിയിട്ടും ഒരു വീട് പോലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടില്ല. ഡിവൈഎഫ്‌ഐയും വീട് നിര്‍മ്മിച്ച് നല്‍കിയിട്ടില്ല. അവര്‍ പണം പിരിച്ച് സര്‍ക്കാരിന് നല്‍കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു

Exit mobile version