കാൻസർ രോഗിയായ അമ്മ, പറക്കമുറ്റാത്ത 2 മക്കൾ, പാതിവഴിയിലായ വീട്; രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണി രഞ്ജിത

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത നായർ നാട്ടിലെത്തിയത് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം.

ലണ്ടനിലെ നഴ്സ് ജോലി മതിയാക്കി നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ പ്രവേശിക്കാൻ തീരുമാനിച്ചതായിരുന്നു രഞ്ജിത. അതിൻ്റെ നടപടിക്രമത്തിന്റെ ഭാഗമായായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടിലെത്തിയത്.

രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത.

ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. വീടിൻ്റെ ഏക പ്രതീക്ഷ ആയിരുന്നു രഞ്ജിത. 2014 ൽ സലാലയിൽ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ൽ ആരോഗ്യ വകുപ്പിൽ ജോലി കിട്ടി. സാമ്പത്തിക പ്രയാസങ്ങലെ തുടർന്ന് രഞ്ജിത അവധി എടുത്തു വീണ്ടും വിദേശത്തേക്ക് പോയി. ഏഴുമാസം മുൻപാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്.

വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളിൽ സ്വയംസാക്ഷ്യപ്പെടുത്തൽ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു

Exit mobile version