പുള്ളിമാനിനെ ഇടിച്ചു, സ്‌കാനിയ ബസ് കസ്റ്റഡിയില്‍ എടുത്ത് വനംവകുപ്പ്, ഇറക്കാന്‍ കെഎസ്ആര്‍ടിസി കെട്ടിവച്ചത് 13 ലക്ഷം

സുല്‍ത്താന്‍ബത്തേരി: പുള്ളിമാനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് കോടതിയുടെ ഇടപെടലില്‍ വിട്ടുകിട്ടി. മാന്‍ ചത്തതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു ശേഷമാണ് വിട്ടുനല്‍കിയത്.

കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവിലാണ് ബസ് നിരത്തിലിറങ്ങിയത്. കോടതി നിര്‍ദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെഎസ്ആര്‍ടിസി കെട്ടിവച്ചു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസിനിടെ കഴിഞ്ഞ 19ന് രാവിലെ 6.30ഓടെയാണ് മുത്തങ്ങയ്ക്കടുത്ത് എടത്തറയിലാണ് ബസ് പുള്ളിമാനെ ഇടിച്ചത്. മാന്‍ തല്‍ക്ഷണം ചത്തതോടെ വനപാലകരെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഓടുന്ന ബസിന് മുന്‍പിലേക്ക് മാന്‍ ചാടിയെത്തിയതാണെങ്കിലും വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയത്

Exit mobile version