ദുബായ്∙ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും ആവർത്തിക്കുന്നതിനിടെ, തികച്ചും വിരുദ്ധ നിലപാടുമായി ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷമി. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കാൻ അവസരം ലഭിക്കുന്നത് തീർച്ചയായും ഇന്ത്യൻ ടീമിന് ഗുണകരമാണെന്ന് ഷമി തുറന്നടിച്ചു.
ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് അനാവശ്യ മുൻതൂക്കം നൽകുന്നതായി ഇംഗ്ലണ്ടിന്റെ മുൻ താരങ്ങളായ നാസർ ഹുസൈനും മൈക്ക് ആതർട്ടനുമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വലിയ ചർച്ചയായി മാറിയതോടെ, ഇന്ത്യൻ ടീമിനെ പ്രതിരോധിച്ച് മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, സൗരവ് ഗാംഗുലി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ഈ വേദിയിൽ കളിച്ച സെമിയുൾപ്പെടെ നാലു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ ഈ വേദിയിൽ തോൽപ്പിച്ചിരുന്നു.
