ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി. പിന്നാലെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മാതാവ്.

കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നും മകൻ്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമ കുമാരി പറഞ്ഞു.

പ്രജിൻ വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് നയിച്ചത്. ഈ മുറിയിൽ ആർക്കും പ്രവേശനമില്ലായിരുന്നുവെന്നും ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും അമ്മ പറയുന്നു.

ഇതിന് ശേഷം ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി. പിന്നാലെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനുശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടാറുണ്ടെന്നും അമ്മ പറയുന്നു.

കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍ വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്.

Exit mobile version