18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ, പദ്ധതിക്ക് അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്ന് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോള്‍ മന്ത്രിസഭ അനുമതി നല്‍കിയത്.

മാര്‍ച്ചില്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പലരും ഗൂഢാലോചന നടത്തി തന്നെ ജയിലിലേക്ക് അയച്ചുവെന്നും ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, താന്‍ അതിഷിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

പദ്ധതിയില്‍ രജിസ്ട്രേഷന്‍ നടപടികള്‍ നാളെ ആരംഭിക്കുമെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പണം ഉടന്‍ നിക്ഷേപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version