അശ്രദ്ധമായ ഡ്രൈവിങ്, റീല്‍സ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ 20കാരന് ദാരുണാന്ത്യം

കോഴിക്കോട്; റീല്‍സ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം.

കടമേരി സ്വദേശി ടി കെ ആല്‍വിന്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്ത് രാവിലെ 7.30ഓടെയായിരുന്നു അപകടം.റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ആല്‍വിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആല്‍വിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

Exit mobile version