യുവാവിനൊപ്പം മകളെയുമെടുത്ത് നാട്‌വിട്ട് യുവതി, ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ച് പോലീസ്

കോഴിക്കോട്: മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ഡല്‍ഹിയില്‍ നിന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പോലീസാണ് ഡല്‍ഹി എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും കണ്ടെത്തി നാട്ടിലെത്തിച്ചത്.

കഴിഞ്ഞ മൂന്നാം തിയ്യതിയാണ് യുവതിയെയും ആറ് വയസുകാരിയായ മകളെയും കാണാതായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പ്രണയിച്ച കാമുകനൊപ്പം പോയതാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

തുടര്‍ന്ന് മാവൂര്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫോണും സിംകാര്‍ഡും ഉപേക്ഷിച്ചതിനാല്‍ ശ്രമം വിജയിച്ചില്ല.

പിന്നീട് യുവാവിന്റെ പഴയ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച സംഘം നിരവധി നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണായകമാവുകയായിരുന്നു. ഇയാള്‍ യുവതിയെയും കുട്ടിയെയും കൂട്ടി ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകാന്‍ ശ്രമിക്കുന്നതായി മനസിലായതോടെ അന്വേഷണസംഘം വിമാനമാര്‍ഗം ഡലല്‍ഹിയിലേക്ക് തിരിച്ചു. ദില്ലി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫിന്റെ സഹായത്തോടെയാണ് മൂന്ന് പേരെയും കണ്ടെത്തി നാട്ടില്‍ എത്തിച്ചത്.

Exit mobile version