നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, ടിവി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്.

നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകള്‍ ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയിൽ ആണ് ഇരുവർക്കും കോടതി നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.

കേസ് കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോള്‍ പ്രതി ചേര്‍ക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

Exit mobile version