പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഓടിച്ച ബൈക്ക് കൈയ്യോടെ പൊക്കി പോലീസ്, പിതാവിന് കിട്ടിയത് എട്ടിന്റെ പണി

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച സംഭവത്തില്‍ പിതാവിന് കടുത്ത ശിക്ഷ. കോഴിക്കോടാണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകനാണ് ലൈസന്‍സില്ലാതെ ബൈക്കോടിച്ചത്.

കേസ് കോടതിയില്‍ എത്തിയതോടെ 25000 രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവ് ശിക്ഷ അനുഭവിക്കാനും വിധിക്കുകയായിരുന്നു. നാദാപുരം കോടതിയാണ് ശിക്ഷ വിധിച്ചത്.

നാദാപുരം കണ്‍ട്രോള്‍ റൂം സിഐയും സംഘവും ചെക്യാട്- പുളിയാവ് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ അസീസിന്റെ മകന്‍ ഇതുവഴി ബൈക്കുമായി വന്നത്. അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈസന്‍സില്ലെന്നും വ്യക്തമായി.

തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു. വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അസീസ് കോടതിയില്‍ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.

Exit mobile version