ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ. സിജി. ‘ചെത്തി’യെന്ന തീരഗ്രാമത്തിൽനിന്ന് 2000ൽ ജിവി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനിപ്പുറം അങ്ങനെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്നു.
ഇനി ആലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാർ എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്.
‘വിരമിക്കാൻ 6 മാസം കൂടിയേയുള്ളൂ. നന്നായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്’ -സിജി പറഞ്ഞു. ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടി. 2005 സെപ്തംബർ ഏഴിന് സ്പോർട്സ് ക്വാട്ടയിൽ കളക്ടറേറ്റിൽ ഓഫീസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു.
2019ൽ കളക്ടറുടെ ചേംബറിലെത്തി. ജോസഫ് വി. അറയ്ക്കലാണ് ഭർത്താവ്. ബിഎസ്സി നഴ്സിംഗ് അവസാന വർഷ വിദ്യാർഥിനി വർണ ജോസഫ്, ഒമ്പതാം ക്ലാസ് വിദ്യാർഥിനി വിസ്മയ ടി. അറയ്ക്കൽ എന്നിവർ മക്കൾ.