40 ദിവസമായ കുഞ്ഞിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയില്‍, അമ്മയെയും അറസ്റ്റ് ചെയ്യും

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കര്‍മാരും അറസ്റ്റില്‍. ഈറോഡ് സ്വദേശി സന്തോഷ് കുമാര്‍ (28), ആര്‍ സെല്‍വി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. പണത്തെ ചൊല്ലി കുഞ്ഞിന്റെ അമ്മയും അച്ഛനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

തഞ്ചാവൂര്‍ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആണ്‍സുഹൃത്തായ സന്തോഷില്‍ നിന്ന് ഗര്‍ഭിണിയായത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗര്‍ഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാര്‍ വിഷയം അറിയാതിരിക്കാന്‍ സുഹൃത്തായ സെല്‍വിയുടെ വീട്ടിലേക്ക് യുവതി താമസം മാറി.

ഈറോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ അവസാനം പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴേക്കും നാഗര്‍കോവില്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ധാരണയായിരുന്നു. മക്കളില്ലാത്ത ദമ്പതികളില്‍ നിന്ന് നാലരക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ മാസം 30ന് കുഞ്ഞിനെ കൈമാറി. ജനിച്ച് 40 ദിവസമായപ്പോഴാണ് കുഞ്ഞിനെ കൈമാറിയത്. സെല്‍വി, സിദ്ദിക ബാനു, രാധ, രേവതി എന്നീ സ്ത്രീകളാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്.

തനിക്ക് കിട്ടിയ വിഹിതം കുറഞ്ഞുപോയെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ പ്രശ്‌നമുണ്ടാക്കി. പിന്നാലെ കുഞ്ഞിനെ വിറ്റ കാര്യം സര്‍ക്കാര്‍ പ്രൈമറി സെന്ററിലെ നഴ്‌സിനോട് വെളിപ്പെടുത്തി. നഴ്‌സില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ സിഡബ്ല്യുസി, ഈറോഡ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ വലയിലായത്.

Exit mobile version