ശിവകാർത്തികേയനെ നായകനാക്കി രാജ് കുമാർ പെരിയസ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന അമരൻ റിലീസ് ചെയ്ത് മൂന്നാംദിനം 100 കോടി ക്ളബിൽ. ശിവകാർത്തികേയന്റെ കരിയറിൽ ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങൾക്കുശേഷം 100 കോടി ക്ളബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെചിത്രമാണ് അമരൻ.
കേരളത്തിലും ചിത്രം മികച്ച വിജയം നേടുകയാണ്. ഇൗ സാഹചര്യം തുടർന്നാൽ ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടിയാകും അമരൻ.ആദ്യ ദിനത്തിൽ തമിഴ് പതിപ്പ് 17 കോടി രൂപയാണ് നേടിയത്. തെലുങ്ക്, ഹിന്ദി, കന്നട, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം 15 ലക്ഷം 2 ലക്ഷം, ഒരു ലക്ഷം നേടി.
ആഗോളതലത്തിൽ ആദ്യദിനത്തിൽ 42.3 കോടിയാണ് കളക്ഷൻ.മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസായി സായ് പല്ലവി എത്തുന്നു. ശിവകാർത്തികേയന്റെയും സായ് പല്ലവിയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി മുകുന്ദും ഇന്ദുവും മാറുന്നു.
ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു.കമൽഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.