വ്യാജ നമ്പർ പ്ലേറ്റ് വ്യാപകം; ഒറ്റദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് നൂറുകണക്കിന് വാഹനങ്ങൾ

കൊല്ലം: സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.

തമിഴ്‌നാട് അതിർത്തിയിലുള്ള പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി 30-40 കിലോമീറ്റർ പരിധിയിൽനിന്ന് ആക്രിസാധനങ്ങളും മറ്റും ശേഖരിച്ച് മടങ്ങുന്നതായ വിവരമാണ് ലഭിച്ചത്.

മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ.ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാണെന്ന് വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുമുണ്ട്. ഇത്രയേറെ വ്യാജവാഹനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ തുടർ പരിശോധന നടത്തുമെന്നാണ് വിവരം.

Exit mobile version