പോലീസിന്റെ പ്രത്യേക പരിശോധന; കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും

കോഴിക്കോട്: ശനിയാഴ്ച രാത്രിമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുവരെ നടത്തിയ പോലീസിന്റെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും. വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും ഗുണ്ടാ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, മോഷണം തുടങ്ങിയവ തടയുന്നതിനാണ് പരിശോധന നടത്താന്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാജ്പാല്‍ മീണ നിര്‍ദേശിച്ചത്.

2023 ജൂലായ് 17-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഫുട്പാത്തില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന റഹീം എന്നയാളെ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം സുകുഭവന്‍ സുജിത്ത് (40) പിടിയിലായി. തളി ജൂബിലി ഹാളിന് സമീപംവെച്ചാണ് ടൗണ്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജില്ലാകോടതിക്ക് സമീപം എന്‍.എം.ഡി.സി. സ്ഥാപനത്തിന്റെ ഡോര്‍ പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച ചക്കുംകടവ് ആനമാട് കച്ചേരി ഹൗസില്‍ ഷഫീഖ് (42)നെ കുറ്റിക്കാട്ടൂരിലാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

മാറാട് പൊട്ടാംകണ്ടി പറമ്പില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകനുനേരേ കല്ലെറിയുകയുംചെയ്ത കേസിലെ പ്രതി മാറാട് പൊറ്റാംകണ്ടിപറമ്പ് കടവത്ത് ഹൗസ് സുരേഷിനെയും (40) മാറാട് പോലീസ് പ്രത്യേക പരിശോധനയില്‍ പിടികൂടി.

മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശംവെച്ചതിനും 38 കേസുകള്‍ വിവിധസ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 38-ഓളം ആളുകളുടെ പേരിലും കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിക്കുകയും വില്‍പ്പനയ്ക്കായി മദ്യം അനധികൃതമായി കൈവശം വെക്കുകയുംചെയ്ത 21 ആളുകളുടെ പേരിലും അബ്കാരി നിയമപ്രകാരം വിവിധസ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ അശ്രദ്ധമായി വാഹനമോടിച്ച 27-ഓളം ആളുകളുടെ പേരിലും മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ സ്റ്റേഷനുകളായി കേസ് രജിസ്റ്റര്‍ ചെയ്തു.

വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആറുപേരെ കരുതല്‍ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. അഡീഷണല്‍ എസ്.പി., ഒന്‍പത് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍, 17 ഇന്‍സ്‌പെക്ടര്‍മാര്‍, അമ്പതോളം എസ്.ഐ. മാര്‍, 250-ഓളം പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രത്യേക പരിശോധനയില്‍ പങ്കെടുത്തത്.

Exit mobile version