ഒളിംപിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള; തിരിതെളിയിക്കാൻ വിദ്യാഭ്യാസ മന്ത്രിയും, മമ്മൂട്ടിയും, പി ആർ ശ്രീജേഷും

കൊച്ചി: ഒളിംപിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ നടൻ മമ്മൂട്ടിയാകും നിർവഹിക്കുക. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും.

3500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിനു മാറ്റ് കൂട്ടും.  ഉദ്ഘാടന ചടങ്ങിനു ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. പിന്നീട് കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്‌ളവർ ഗേൾസും മാർച്ച് ചെയ്യും.

ആയിരം പേർ അണിനിരക്കുന്ന സൂമ്പ. അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്സർസൈസ്. തുടർന്ന് ക്യൂൻ ഓഫ് അറേബ്യൻ സി സാംസ്കാരിക പരിപാടി അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അവതരിപ്പിക്കും.

ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ അബ്ദു റഹ്മാൻ, ആർ ബിന്ദു, ജി ആർ അനിൽ, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ മുഖ്യാതിഥികളാവും.

Exit mobile version