തിരുവനന്തപുരം: ഇടതുമുന്നണിയിലെ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മൗനം തുരുന്നതിനിടെ ശക്തമായ നിലപാടുമായി സിപിഐ രംഗത്ത്. കോഴ ആരോപണം ശരിയാണെങ്കിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്ക്കെടുക്കുന്നത് കേരളത്തിലില്ല. അത് ഇവിടെ നടത്താൻ അനുവദിക്കില്ല. കോഴ ആരോപണം ശരിയെങ്കിൽ അത് വച്ചുപൊറുപ്പിക്കാൻ പാടില്ല. ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാട്.
പണം കൊടുത്തു വാങ്ങാൻ എൽഡിഫിന്റെ എംഎൽഎമാർ വില്പന പണ്ടങ്ങളല്ല. പണം കാട്ടി വിളിക്കുമ്പോൾ പോകുന്നവരല്ല എൽഡിഎഫിലെ എംഎൽഎമാർ. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ കുട്ടനാട് എംഎൽഎയും എൻസിപി ശരദ്പവാർ പക്ഷക്കാരനുമായ തോമസ് കെ. തോമസ് ശ്രമിച്ചുവെന്നാണ് ആരോപണം.
മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കോഴ ആരോപണം ഉന്നയിച്ചത്. എന്നാൽ വാർത്ത പുറത്തുവന്നശേഷം മുഖ്യമന്ത്രി ഇതിനോടു പ്രതികരിക്കാൻ തയാറായിട്ടില്ല.എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയും മൗനം പാലിക്കുകയാണ്. പ്രതികരിക്കാതിരിക്കുന്നതിൽ ചാക്കോക്കെതിരേ പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പി.സി. ചാക്കോ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായിരുന്നു.
അതിനിടെ കോഴ ആരോപണത്തിൽ തോമസ് കെ. തോമസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. തോമസ് കെ. തോമസിനെതിരെയുള്ള ആരോപണം കാരണമാണ് അദ്ദേഹത്തിന്റെ മന്ത്രി പദവി മുഖ്യമന്ത്രി തടഞ്ഞതെന്നാണ് സൂചന. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് വീണ്ടും എൻസിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും കേരളം ഉറ്റുനോക്കുന്നു.
അതേസമയം, തോമസ് കെ. തോമസിനെതിരേ ശശീന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സാധ്യതയുണ്ട്. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് രേഖാമൂലം പരാതി നൽകിയേക്കും.കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം സംബന്ധിച്ച് ഇടതുമുന്നണിയിൽ തർക്കങ്ങളില്ലെന്ന് മന്ത്രിയും എൻസിപി നേതാവുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു. കോഴ ആരോപണം സംബന്ധിച്ച് പാർട്ടി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം സംബന്ധിച്ച് പാർട്ടി കൂട്ടായി തീരുമാനിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടി എടുക്കും. എന്നാൽ അന്വേഷണം സംബന്ധിച്ച് വ്യക്തിപരമായി താനല്ല പറയേണ്ടതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മന്ത്രി സ്ഥാനം മാറുന്ന കാര്യത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി പ്രസിഡന്റ് പറഞ്ഞാൽ നിശ്ചയിച്ച സമയത്ത് രാജിക്കത്ത് നൽകുമെന്നും ശശീന്ദ്രൻ പറഞ്ഞു.