മാനേജരില്ല, ഞാനതിലെല്ലാം പിറകിലേക്ക് പോയി; ശ്രദ്ധിച്ചിരുന്നില്ല; വീഴ്ചയെക്കുറിച്ച് തുറന്ന് സംസാരിച്ച് ജയറാം

ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഒസ്ലറിൽ ഇതുവരെ ചെയ്തതിൽ നിന്നും ശ്രദ്ധേയ വേഷമാണ് ജയറാമിന് ലഭിച്ചത്.

ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ.

ജയറാം സിനിമകൾ തുടരെ ഹിറ്റാകുന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. പിന്നീ‌ടൊരു ഘട്ടത്തിലാണ് നടന് ​വീഴ്ച സംഭവിക്കുന്നത്. പരാജയ സിനിമകൾ തുടരെ വന്നതോടെ ജയറാം മലയാളത്തിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്.

1988 തൊട്ട് ഏകദേശം 20 വർഷത്തോളം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്മാരാജൻ സർ, ഭരതേട്ടൻ, ഐവി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് അതിന് കാരണം. ആ വർഷങ്ങൾക്ക് ശേഷമാണ് മാറ്റി ചെയ്യുന്നത്. അതിൽ പരാജയങ്ങൾ സംഭവിച്ചു. കുറേ വർഷം ഒരേ ജോലി ചെയ്യുമ്പോൾ ആർക്കും തെറ്റ് സംഭവിക്കാം. എനിക്കങ്ങനെ കൂടെ ഒരുപാട് പേർ ഇല്ല. അങ്ങനെയില്ലാത്ത ഏക ആൾ മലയാള സിനിമയിൽ ഞാൻ മാത്രമായിരിക്കും. എനിക്ക് മാനേജരില്ല.

കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല. 35 വർഷമായി ഞാൻ തന്നെയാണ്. എനിക്ക് എന്നും ഒരു നമ്പർ തന്നെയാണ്. അതിലേക്ക് വിളിക്കും, ഞാൻ തന്നെ സംസാരിക്കും. മറ്റ് ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മാനേജർ ഇല്ലേയെന്ന് അവരും ചോദിക്കുെമെന്നും ജയറാം വ്യക്തമാക്കി. സിനിമാ കൂട്ടുകെട്ടുകളിൽ പെടാത്തത് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന് കാരണമായെന്നും ജയറാം തുറന്ന് പറഞ്ഞു. ഒരു സിനിമ വിജയിച്ചാൽ അതേ ഡയറക്ടറെ എന്നിലേക്ക് കൊണ്ട് വരാനും അതിനുള്ള കഥയും പ്രൊഡ്യൂസറെയും സംഘടിപ്പിക്കേണ്ടതുണ്ട്.

കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതെല്ലാം ആവശ്യമായി വന്നു. അതിൽ നിന്ന് ഞാൻ പിറകിലേക്ക് പോയി. ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല. തന്നിലേക്ക് വരേണ്ട സിനിമകൾ മറ്റ് പലരിലേക്കും പോയെന്നും ജയറാം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളിൽ ആ പിആർഒ വർക്കിൽ ഞാനൊരുപാട് പിറകിലേക്ക് പോയി. അങ്ങനെയായിരിക്കാം സിനിമയിൽ നിന്ന് എനിക്ക് വലിയ ​ഗ്യാപ്പ് വന്നു. ഇവിടെയുള്ള ആളുകൾ കളിയാക്കിക്കൊണ്ട് അവൻ മറ്റ് ഭാഷകളിൽ സൈഡ് റോളും ചെയ്ത് നടക്കുകയാണെന്ന് പറയുന്നവരുണ്ട്. മറ്റൊരു ഭാഷയിൽ പോയി നായകനൊന്നും പറ്റില്ല. അവിടെ സപ്പോർ‌ട്ടിം​ഗ് റോളേ ചെയ്യാനാകൂ. എന്ന് കരുതി അവർ സപ്പോർട്ടിം​ഗ് റോളിന് ആളെ വിളിച്ച് കയറ്റുകയല്ല.

മറ്റ് ഭാഷകളിൽ പോയി ആ വേഷങ്ങൾ ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അപ്പ മലയാളത്തിൽ നിന്ന് ലീവെടുക്കുന്നത് നല്ലതാണെന്ന് മകൻ തന്നെയാണ് പറഞ്ഞത്. മലയാളത്തിൽ നല്ലൊരു റീ എൻട്രി വേണമെങ്കിൽ ഇപ്പോൾ മാറി നിന്നോയെന്ന് ഭാര്യയും പറഞ്ഞു. അങ്ങനെ മലയാള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്. മറ്റ് ഭാഷകളിൽ അച്ഛനായും വില്ലനുമായെല്ലാം ചെയ്തു. ആ റോളുകളെല്ലാം സംതൃപ്തി നൽകിയെന്നും ജയറാം വ്യക്തമാക്കി.

Exit mobile version