പ്രതിസന്ധികളും വേദനകളും തരണം ചെയ്തു എംബിബിഎസ് പൂർത്തിയാക്കിയ വിഭ; കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടർ

പാലക്കാട്: അപ്രതീക്ഷിതമായ തിരിച്ചടികൾ പ്രതീക്ഷിച്ചുവെങ്കിലും അങ്ങനെ ഒന്നും സംഭവിക്കാതെ എല്ലാവരും കൂടെ നിന്ന് പിന്തുണച്ചതോടെ കേരളത്തിൽ പിറന്നത് ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടർ.

ചേർത്ത് പിടിക്കാതെ കൂടെയുള്ളവർ കൈയ്യൊഴിഞ്ഞിരുന്നെങ്കിൽ തകർന്നുപോയേക്കാവുന്ന ജീവിതത്തെ സുമനസുകളായ സഹപാഠികളുടേയും കുടുംബാംഗങ്ങളുടേയും പിന്തുണയിലാണ് വിഭ എന്ന ഈ യുവ ഡോക്ടർ തിരികെ പിടിച്ചത്.

പാലക്കാട് അകത്തേത്തറ സ്വദേശിനിയാണ് ഡോക്ടർ വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് വിഭ മാറിയത്. തന്റെ യഥാർഥ സ്വത്വം എന്തെന്ന് അറിയാതെ വലഞ്ഞ വിപിൻ എന്ന എംബിബിഎസ് വിദ്യാർത്ഥി 2021ലാണ് തന്റെ ഉള്ളിൽ ഉള്ള യാഥാർഥ്യത്തെ തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന വിപിൻ 20 വർഷം മനസിൽ മറഞ്ഞുകിടന്ന വിഭയെ കണ്ടെത്തുകയായിരുന്നു.

കുട്ടിക്കാലത്ത് തന്നെ തന്റെയുളളിൽ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിപിന് അറിയാനായിരുന്നു. ഇത് തിരിച്ചറിഞ്ഞത് പഠനകാലത്തെ ഒരു പ്രണയത്തിൽ നിന്നാണ്. ഒടുവിൽ ധൈര്യം സംഭരിച്ച് തന്റെ സ്വത്വത്തെ കുറിച്ച് കുടുംബത്തിൽ പറഞ്ഞപ്പോൾ കിട്ടിയ പ്രതികരണം അത്ഭുതകരമായിരുന്നു.

ഈ ഊർജ്ജവുമായാണ് ലോക്ഡൗണിന് ശേഷം വിഭ ക്യാമ്പസിലേക്ക് തിരികെ എത്തിയത്. തന്നെ തിരിച്ചറിഞ്ഞ കൂട്ടുകാരുടെ പ്രതികരണങ്ങളും വിഭയെ അത്ഭുതപ്പെടുത്തി. എല്ലാവരുടേയും പിന്തുണയോടെ പതിയെ വിഭയിലേക്കുള്ള പ്രയാണം തുടങ്ങി.

പഠനം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഹോർമോൺ തെറാപ്പിയടക്കം എടുത്തത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും എല്ലാം സഹിച്ച് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വിഭ ഡോക്ടറായി മാറി.

ഇന്ന് പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുകയാണ് വിഭ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ ബേസിക്ക് സർട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുളള വിഭക്ക് ഇനിയും മുന്നോട്ടുള്ളയാത്രയ്ക്ക് വേണ്ടത് പിന്തുണ മാത്രമാണ്.

Exit mobile version