ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മാധ്യമ പ്രവർത്തകരെ നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച് കേന്ദ്ര കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. മറുനാടൻ മലയാളിയുൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നടക്കുന്ന ഭരണകൂട വേട്ടയിൽ പ്രതികരിച്ചാണ് കേന്ദ്രമന്ത്രി രംഗത്ത് വന്നത്. ഇതോടെ മറുനാടൻ മലയാളിക്കെതിരെ കേരള സർക്കാറും പൊലീസും നടത്തുന്ന വേട്ട ദേശീയ വിഷയമായി മാറുകയാണ്

മറുനാടൻ മലയാളി ഓഫീസിലെയും മാധ്യമപ്രവർത്തകരുടെയും വീടുകളിലെയും റെയ്ഡ് ദേശീയ തലത്തിൽ വാർത്തയായി മാറിയതോടെയാണ് കേന്ദ്ര ഐടി മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്. ദേശീയ മാധ്യമമായ എ എൻ ഐ (A N I) യോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

മറുനാടൻ മലയാളി യുട്യൂബ് ചാനലിനെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ എഎൻഐയോട് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വീട്ടിലും ഓഫിസിലും പൊലീസിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡ്. മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയുടെ അപ്പീൽ സൂപ്രിംകോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് പിണറായി പൊലീസ് നടപടി. ഇത് അംഗീകരിക്കാൻ സാധിക്കില്ലലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സർക്കാരിന്റെ അഴിമതികൾ വെളിച്ചത്തു കൊണ്ടു വന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമീപകാലത്ത് ഒരു മാധ്യമപ്രവർത്തകന്റെ വീട്ടിലും ഓഫിസുകളിലും പൊലീസിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡുകൾ ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചവരാണ്, സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു.

”ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ്, മാധ്യമങ്ങളെ നിശ്ബ്ദമാക്കാൻ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനിൽക്കുന്ന, ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് ഇടതു സർക്കാർ ഭരിക്കുന്ന കേരളമാണ്.’

”രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും നിന്ന് ഇടതു സർക്കാരുകൾ തുടച്ചു നീക്കപ്പെടാൻ കാരണം ഈ നിലപാട് തന്നെയാണ്. അവർ ഭരിച്ചിരുന്ന ത്രിപുരയിലും ബംഗാളിലുമെല്ലാം ഇതാണ് അവസ്ഥ. കേരളത്തിൽ ഇപ്പോഴും മാധ്യമപ്രവർത്തകർക്കെതിരെ അവർ ഭീഷണിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നതിന്റെ പേരിലാണ് ഇതെന്ന് ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന അതേ ഇടതുപക്ഷമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതും അവർ തന്നെ. ഇടതു സർക്കാരിന്റെ ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പും രാജ്യത്തെ ജനം കാണുന്നുണ്ട്’ മന്ത്രി പറഞ്ഞു.

Exit mobile version