കൊച്ചി: വീട്ടിലേക്കൊരു വഴിയെന്ന സ്വപ്‌നം ബാക്കിയാക്കി സ്‌കറിയ യാത്രയായി. കോതമംഗലത്ത് വഴിക്ക് പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി മാത്രം യാഥാർഥ്യമാകാതെയാണ് സ്‌കറിയയുടെ മടക്കം.
വഴിയില്ലാത്തതിനെ തുടർന്ന് വാഹനമെത്തിക്കാൻ സാധിക്കാതെ നടവരമ്പിലൂടെ ചുമന്നാണ് സ്‌കറിയയുടെ മൃതദേഹം റോഡ് വരെ എത്തിച്ചത്. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്‌കറിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തുടർന്ന് ഒരാൾക്ക് നടക്കാവുന്ന വഴിയിലൂടെ അദ്ദേഹത്തിന്റെ മൃതദേഹം ചുമന്ന് കൊണ്ടു പോകുന്നതിന്റെ ദൃശ്യം സോഷ്യൽമീഡിയയിലടക്കം ചർച്ചയായിരുന്നു.
റോഡിലെത്താൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന അഞ്ചോളം കുടുംബങ്ങൾ ഇവിടെയുണ്ട്. ദുരിതം നേരിടാൻ കഴിയാതെ ഒരോ കുടുംബങ്ങൾ ഇവിടെ നിന്നും താമസംമാറിയിരിക്കുകയാണ്.
അതേസമയം, വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയെങ്കിലും പഞ്ചായത്തിന് തനത് ഫണ്ട് ഇല്ലാത്തതിനാൽ എംഎൽഎയും എംപിയുമാണ് കനിയേണ്ടതെന്നാണ് വാർഡ് മെമ്പർ വികെ വർഗീസിന്റെ പ്രതികരണം.
പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ട് തന്നെ 25 വർഷത്തോളമായി ഇതുവരെ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല ആകെ ചെയ്തത് കനാലിന് കുറുകെ ഒരു പാലം വന്നു എന്നതുമാത്രമാണ്. അതേസമയം, വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സ്‌കറിയയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
