ഒഴിവുസമയങ്ങളില്‍ സഹപാഠികള്‍ക്ക് ടീച്ചര്‍, ശാരീരികവൈകല്യമുള്ള കുട്ടികള്‍ക്ക് കൈത്താങ്ങ്, ‘ഈ വിദ്യാലയത്തിന്റെ ഐശ്വര്യമാണ് പൂര്‍ണിമ

കോട്ടയ്ക്കല്‍: ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ നേപ്പാള്‍ ബാലിക പൂര്‍ണിമ പറപ്പൂര്‍ തെക്കേക്കുളമ്പ് ടിടികെഎംഎഎല്‍പി സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും രക്ഷിതാക്കളുടെയും മനം കവരുകയാണ്. പഠനത്തിലും കലാരംഗത്തും മികവു പുലര്‍ത്തുന്ന പൂര്‍ണിമ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുഞ്ഞ് അധ്യാപിക കൂടിയാണ്.

രാവിലെ സ്‌കൂളിലെത്തുന്ന പൂര്‍ണിമ വൈകിട്ട് പോകുന്നതുവരെ കര്‍മനിരതയാണ്. സ്‌കൂളില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ണിമ മലയാളവും അറബിയും എഴുതാനും വായിക്കാനും പഠിച്ചത്. ഇതിന് ശേഷം മറ്റ് അതിഥി തൊഴിലാളികളുടെ മക്കളെ ഇതെല്ലാം പഠിക്കാനും സഹായിക്കുകയാണ് പൂര്‍ണിമ.

അതിഥിത്തൊഴിലാളികളുടെ 5 കുട്ടികളാണ് സ്‌കൂളിലുള്ളത്. പഠനത്തിന്റെ ഇടവേളകളിലാണ് പൂര്‍ണ്ണിമ ഇവരെ മറ്റ് ഭാഷകള്‍ പഠിക്കാന്‍ സഹായിക്കുന്നത്. കൂടാതെ ശാരീരികവൈകല്യമുള്ള കുട്ടികളെ ശുചിമുറിയില്‍ പോകാനും ഭക്ഷണം കഴിക്കാനും മറ്റും സഹായിക്കുന്നതും പൂര്‍ണിമ തന്നെയാണ്.

വേങ്ങരയില്‍ നടന്ന അതിഥി ത്തൊഴിലാളികളുടെ മക്കളുടെ കലാമേളയില്‍ പൂര്‍ണ്ണിമ പങ്കെടുത്തിരുന്നു. ‘അമ്പിളി മാമാ നീയെന്നോടിമ്പം പൂണ്ടു ചിരിച്ചില്ലേ’ എന്നു തുടങ്ങുന്ന നൃത്തം അവതരിപ്പിച്ച് അഞ്ചുവയസ്സുകാരി അന്ന് ആസ്വാദകരുടെ ശ്രദ്ധ നേടി.

Exit mobile version