മുംബൈ: അപകടത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രംഗത്ത്. തന്റെ രക്ഷകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് പന്ത്. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. ആരോഗ്യനില ദിനം തോറും മെച്ചപ്പെടുന്നുണ്ടെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പന്ത് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.
കൂടാതെ, അപകടത്തില്‍പെട്ട തന്നെ രക്ഷിച്ച രണ്ട് യുവാക്കളുടെ ചിത്രവും ക്രിക്കറ്റ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട തന്നെ രക്ഷിച്ചതും വൈകാതെ ആശുപത്രിയില്‍ എത്തിച്ചതും രജത് കുമാര്‍, നിഷു കുമാര്‍ എന്നിവരാണെന്ന് താരം പറയുന്നു. ഇവരോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
ഡിസംബര്‍ 30നായിരുന്നു ഋഷഭ് പന്തിന് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചു.
അതേസമയം, കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.
