ആലപ്പുഴ: വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കാന്‍ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് ആലപ്പുഴ ജില്ലാകലക്ടര്‍ വി.ആര്‍. കൃഷ്ണതേജ. മാതാപിതാക്കളില്‍ ഒരാള്‍ കോവിഡ് ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിക്കാണ് കലക്ടര്‍ തുണയായി എത്തിയത്.
സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. ഇതറിഞ്ഞാണ് കലക്ടര്‍ ഇടപെട്ടത്. സര്‍ക്കാര്‍ സ്ഥാപനമായ ചേര്‍ത്തല ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയുടെ ആഗ്രഹപ്രകാരം എത്തി ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് പ്രവേശനം നേടിക്കൊടുത്തു.
രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് കലക്ടര്‍ കുട്ടിക്ക് ഒപ്പമിരുന്നാണ് പ്രവേശനമെടുത്തത്. ജില്ലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ ‘ വീ ആര്‍ ഫോര്‍ ആലപ്പി’ കൂട്ടായ്മയുടെ ഭാഗമായാണ് വിദ്യാര്‍ഥിയുടെ പഠന അനുബന്ധ ചെലവ് നടത്തുക.
കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കാണിപ്പോള്‍ കൂട്ടായ്മ പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ 273 കുട്ടികളാണുള്ളതെന്നും പദ്ധതി വഴി അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യ സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ അറിയിച്ചു.
