കുരുന്ന് മനസ്സിലെ വലിയ നന്മ! രണ്ടാം സ്ഥാനം വേണ്ടെന്ന് വച്ചു, വീണു പോയ കൂട്ടുകാരനെ കൈപിടിച്ചുയര്‍ത്തി അഭിനവ്

കോത്തല: ഫിനിഷിങ് പോയിന്റിലേക്ക് എത്താന്‍ മിനിറ്റുകള്‍ മാത്രം, രണ്ടാംസ്ഥാനം തൊട്ടുമുന്നിലെത്തിയിട്ടും വേണ്ടെന്ന് വച്ച് വീണ് പോയ സുഹൃത്തിന് കൈത്താങ്ങായി അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം നേടി സമ്മാനം സ്വന്തമാക്കാമായിരുന്നു, പക്ഷേ നാലാം ക്ലാസ്സുകാരന്‍ അഭിനവ് തിരഞ്ഞെടുത്തത് നന്മയുടെ വഴിയായിരുന്നു. വീണു കിടന്ന കൂട്ടുകാരന്‍ കെആര്‍ അഭിദേവിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് അഭിനവ് കയറിയത് ഹൃദയങ്ങളിലേക്കാണ്.

ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താനിരിക്കെയാണ്
രണ്ടാമതായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരന്‍ കാല്‍തട്ടി വീഴുന്നത് അഭിനവ് കാണുന്നത്. മത്സരം മറന്നു അവന്‍ അഭിദേവിനെ എഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചു. അപ്പോഴേക്കും പിന്നിലുള്ളവര്‍ ഓടി കയറി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മത്സരം മറന്ന് കൂട്ടുകാരനുവേണ്ടി തോല്‍വിയേറ്റുവാങ്ങിയ അഭിനവിന്റെ കുരുന്നു മനസ്സിലെ വലിയ നന്മയെ അഭിനന്ദിക്കുകയാണ് ലോകം ഒന്നടങ്കം. കോത്തല എന്‍എസ്എസ് സ്‌കൂളിലെ 4 എ ക്ലാസിലെ വിദ്യാര്‍ഥികളാണ് അഭിനവും അഭിദേവും. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ദിനത്തില്‍ കിഡീസ് വിഭാഗത്തില്‍ 200 മീറ്റര്‍ ഓട്ട മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.

ഇരുവരും ഉറ്റ കൂട്ടുകാര്‍. കൂട്ടുകാരുടെ കയ്യടികള്‍ക്കിടയില്‍ ഇവര്‍ ട്രാക്കിലൂടെ കുതിക്കുമ്പോഴാണ് മുന്നില്‍ ഓടിയ അഭിദേവ് വീഴുകയും അഭിനവ് കൈ പിടിച്ചു ഉയര്‍ത്തുകയും ചെയ്തത്. അഭിനവിന്റെ നന്മയെ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ അഭിനന്ദിക്കുകയും ചെയ്തു.

Exit mobile version